ചാമ്പ്യൻസ് ബോട്ട് ലീഗ്; വള്ളം കളി ഫൈനൽ റദ്ദാക്കി
|കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പ്രതിഷേധത്തെ തുടർന്നാണ് നടപടി
കോട്ടയം: കോട്ടയം താഴഞ്ഞാങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനൽ മത്സരം റദ്ദാക്കി. കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. മഴ കാരണം ഫിനിഷിങ്ങിന് മെച്ചപ്പെട്ട സമയം ലഭിച്ചിട്ടില്ലെന്ന് കുമരകം ടൗൺ ബോട്ട് ക്ലബ് ആരോപിച്ചിരുന്നു.
സംഭവത്തെ തുടർന്ന് ഫൈനലിൽ പ്രവേശിച്ച കുമരകം ടൗൺ ബോട്ട് ക്ലബ് ട്രാക്കിന് കുറുകെ വള്ളമിട്ട് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് പൊലീസും തുഴച്ചിൽക്കാരും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധിച്ച ബോട്ട് ക്ലബുകൾക്കെതിരെ നടപടിയെടുക്കുമെന്നും പോയിൻ്റുകൾ വീതിച്ചു നൽകുമെന്നും സംഘാടകർ അറിയിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്ന് ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചത്. വളരെ മെച്ചപ്പെട്ട രീതിയിൽ മത്സരങ്ങൾ പുരോഗമിക്കുമ്പോഴായിരുന്നു കാലാവസ്ഥ പ്രതികൂലമാവുകയും മത്സരങ്ങൾ തടസ്സപ്പെടുകയും ചെയ്തത്.