'ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെക്കാൾ മരിച്ചുപോയ ഉമ്മൻചാണ്ടി അപകടകാരി ആണെന്ന് സി.പി.എം മനസിലാക്കി കഴിഞ്ഞു'; വി.ഡി സതീശന്
|''സിംപതിക്കായി ആകാശത്തിൽ നിന്ന് സ്വർണ നൂലിൽ കെട്ടിയിറക്കിയ രാജകുമാരനല്ല ചാണ്ടി ഉമ്മൻ''
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മകൻ അല്ലായിരുന്നുവെങ്കിൽ മുൻ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയായി പരിഗണിക്കേണ്ടിയിരുന്ന ആളാണ് ചാണ്ടി ഉമ്മനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'ഉമ്മൻചാണ്ടിയുടെ സിമ്പതി കിട്ടാൻ വേണ്ടി ആകാശത്തിൽ നിന്ന് സ്വർണ നൂലിൽ കെട്ടിയിറക്കിയ രാജകുമാരൻ അല്ല ചാണ്ടി ഉമ്മൻ. പൊതുസമൂഹം പോലും ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയായാൽ മതിയെന്ന് തന്നോട് പറഞ്ഞു. ഇത് സഹതാപം അല്ല, സ്നേഹമാണ്.' ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെക്കാൾ മരിച്ചുപോയ ഉമ്മൻചാണ്ടി അപകടകാരി ആണെന്ന് സി.പി.എം മനസ്സിലാക്കി കഴിഞ്ഞെന്നും സതീശൻ മീഡിയവണിനോട് പറഞ്ഞു.
'ഉമ്മൻചാണ്ടിയുടെ മകൻ അല്ലായിരുന്നുവെങ്കിൽ 2016ലോ 2021 സ്ഥാനാർത്ഥിയായി പരിഗണിക്കേണ്ടിയിരുന്ന ആളാണ് ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മൻ ഊർജ്ജസ്വലനായ യുവജന നേതാവാണ്.ജീവിതത്തിൽ ലാളിത്യം ഉള്ള ആളാണ്. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കൂടുകയും കുറയുകയും ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിൻറെ തെരഞ്ഞെടുപ്പ് രീതിയാണ്'. സതീശൻ പറഞ്ഞു.
'വലിയ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിൽ ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. പുതുപ്പള്ളിയിൽ നിന്ന് ജയിപ്പിച്ച് ചാണ്ടി ഉമ്മനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.സ്ഥാനാർത്ഥിയെ വൈകി പ്രഖ്യാപിക്കുന്നു എന്ന ചീത്തപ്പേര് കോൺഗ്രസിന് പണ്ട് ഉണ്ടായിരുന്നു.അത് മാറ്റാൻ വേണ്ടിയാണ് ഇത്തവണ നേരത്തെ പ്രഖ്യാപിച്ചത്. എല്ലാവരും ഒരാളുടെ പേര് മാത്രമാണ് സ്ഥാനാർത്ഥിയായി മുന്നോട്ടുവെച്ചത്. കേരളത്തിൽനിന്ന് വേഗത്തിൽ പേര് ഡൽഹിയിലേക്ക് അയച്ചു.ഡൽഹിയിൽ കേരളത്തേക്കാൾ വേഗത്തിൽ അത് അംഗീകരിച്ചു. ഈ വേഗത തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ എല്ലായിടത്തും ഉണ്ടാകും.ചിട്ടയോടു കൂടിയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനം പുതുപ്പള്ളിയിൽ ഉണ്ടാകും. പുതുപ്പള്ളിയിൽ ആവശ്യമായ എല്ലാ പ്രാരംഭ നടപടികളും നടത്തിയിട്ടുണ്ട്..'.വി.ഡി സതീശൻ പറഞ്ഞു.