അപ്പയുടെ അരികിലെത്തി അനുഗ്രഹം വാങ്ങി തുടക്കം; ഉമ്മൻചാണ്ടിയുടെ കല്ലറയിലും പള്ളിയിലുമെത്തി പ്രാർഥന നടത്തി ചാണ്ടി ഉമ്മൻ
|പള്ളിയിൽ നിന്ന് നേരെ വാകത്താനം പഞ്ചായത്തിലേത്തേക്കാണ് ചാണ്ടി ഉമ്മൻ പോവുന്നത്.
കോട്ടയം: പുതുപ്പള്ളി ഇന്ന് വിധിയെഴുത്തിലേക്ക് നീങ്ങാനിരിക്കെ അതിരാവിലെ തന്നെ പള്ളിയിലും പിതാവിന്റെ കല്ലറിയിലുമെത്തി പ്രാർഥന നടത്തി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പള്ളിയിൽ പുണ്യാളന് മുന്നിൽ തിരി കത്തിച്ച് പ്രാർഥന നടത്തി നേരെ പോയത് ഉമ്മൻ പിതാവിന്റെ ഖബറിടത്തിലേക്കാണ്. അവിടെയെത്തി മെഴുകുതിരി കത്തിച്ച് പ്രാർഥന നടത്തി അപ്പയുടെ ഓർമകൾ അയവിറക്കുകയും പ്രാർഥിക്കുകയും ചെയ്തു.
തുടർന്ന് പള്ളിക്കുള്ളിൽ കയറിയും അദ്ദേഹം പ്രാർഥന നടത്തി. പള്ളിയിൽ നിന്ന് നേരെ വാകത്താനം പഞ്ചായത്തിലേത്തേക്കാണ് ചാണ്ടി ഉമ്മൻ പോവുന്നത്. ഇവിടുത്തെ വിവിധ പോളിങ് ബൂത്തുകളിൽ സന്ദർശനം നടത്തും. എട്ടര മണി വരെ വാകത്താനത്തെ വിവിധ ബൂത്തുകളിൽ സന്ദർശനം നടത്തുമെന്നാണ് വിവരം.
ഒമ്പത് മണിയോടെ വീട്ടിലെത്തും. തുടർന്ന് മാതാവിനെയും സഹോദരിമാരെയും കൂട്ടി വീടിനടുത്തുള്ള സെന്റ്. ജോർജിയൻ സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തും. സ്ലിപ്പ് ഭാര്യയിൽ നിന്നും കൈപ്പറ്റിയാണ് പിതാവ് ഉമ്മൻ ചാണ്ടി വോട്ട് ചെയ്യാൻ പോയിക്കൊണ്ടിരുന്നത്. ആ പതിവ് തെറ്റിക്കാതെ അമ്മയുടെ കൈയിൽ നിന്നും സ്ലിപ്പ് കൈപ്പറ്റിയാണ് അദ്ദേഹവും വോട്ട് രേഖപ്പെടുത്താൻ പോവുക.
അച്ഛനാണ് മാതൃകയെന്നും അത് പിന്തുടരാൻ ശ്രമിക്കുമെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം കരുതിയ പോലെ താനും ജനങ്ങളെ കരുതുമെന്നും എന്നാൽ അദ്ദേഹത്തെ പോലെയാകാൻ പറ്റുമോയെന്ന് അറിയില്ലെന്നും ചാണ്ടി പ്രതികരിച്ചു. ഓരോ വീടിന്റെ മുന്നിലും വലിയ സ്‌നേഹമാണ് തനിക്ക് ലഭിച്ചത്. ഫലം എന്തും ആയിക്കോട്ടെ, താൻ ഈ നാടിന്റെ ഭാഗമാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. രാവിലെ ഏഴ് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്.