Kerala
Chandy Oommen, son of late former Chief Minister Oommen Chandy, said that the peoples love for his father was seen throughout the mourning journey

Chandy Oommen 

Kerala

'24 മണിക്കൂർ പ്രവർത്തിച്ച ഒരു മുഖ്യമന്ത്രിയ്ക്ക് 24 മണിക്കൂറിൽപ്പരം നീണ്ട സ്വീകരണം ഈ നാട് നൽകി'; പ്രതികരിച്ച് ചാണ്ടി ഉമ്മൻ

Web Desk
|
20 July 2023 2:36 AM GMT

പൊതുദർശനം നീണ്ടുപോയാൽ സംസ്‌കാര ചടങ്ങുകൾ വൈകിയേക്കും

കോട്ടയം: അച്ഛനോടുള്ള ജനങ്ങളുടെ സ്‌നേഹമാണ് വിലാപയാത്രയിലുടനീളം കണ്ടതെന്നും 24 മണിക്കൂർ പ്രവർത്തിച്ച ഒരു മുഖ്യമന്ത്രിയ്ക്ക് 24 മണിക്കൂറിൽപ്പരം നീണ്ട സ്വീകരണം ഈ നാട് നൽകിയെന്നും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. സംസ്‌കാര ചടങ്ങ് വൈകുമോയെന്ന ചോദ്യത്തിന് മീഡിയവണിനോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു ദിവസം പിന്നിട്ടിട്ടും കേരളത്തിന്റെ പാതി ദൂരം പിന്നിടാതെ നീങ്ങുകയാണ് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര 24 മണിക്കൂറിലേക്ക് കടന്നിരിക്കുകയാണ്. വഴിയോരങ്ങളിൽ പ്രിയ നേതാവിനെ കാണാൻ അലകടലായി ജനം ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. കോട്ടയം തിരുനക്കര മൈതാനിയിൽ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ നിരവധി പേരാണ് കാത്തിരിക്കുന്നത്. കോട്ടയം ഡിസിസി ഓഫീസിനരികിൽ വെച്ച് റീത്ത് സമർപ്പിക്കുമെന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്.

വൈകീട്ട് മൂന്നിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ നടക്കുന്ന ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ശുശ്രൂഷകളിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പൊതുദർശനം നീണ്ടുപോയാൽ സംസ്‌കാര ചടങ്ങുകൾ വൈകിയേക്കും.

ഇന്നേവരെ കാണാത്ത യാത്രാമൊഴിയാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കേരളം നൽകുന്നത്. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിന്നത് പതിനായിരങ്ങളാണ്. മണിക്കൂറുകളും പിന്നിട്ടിട്ടും കാത്ത് നിന്നവരുടെ എണ്ണത്തിൽ യാതൊരു കുറവും വന്നില്ല. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് രാവിലെ ഏഴുമണിയോടെ ആരംഭിച്ചവിലാപയാത്ര എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്.

പിന്നിട്ട വഴികളിലെല്ലാം സ്ത്രീകളും കുട്ടികളും ഉൾപ്പടെ പതിനായിരങ്ങൾ പ്രിയ കുഞ്ഞൂഞ്ഞിനെ കാണാൻ എത്തി. തിരുവനന്തപുരത്ത് നിന്നും കോട്ടയം തിരുനക്കര മൈതാനിയിലേക്കുള്ള ദൂരം 150 കിലോമീറ്ററാണ്. 20 മണിക്കൂറുകൾ പിന്നിട്ടപ്പോഴും താണ്ടാനായത് പകുതിയിലേറെ ദൂരംമാത്രമായിരുന്നു.

തിരുവനന്തപുരത്തുനിന്ന് ഇന്നലെ രാവിലെ ആരംഭിച്ച വിലാപയാത്ര ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് ശേഷമാണ് സ്വന്തം ജില്ലയായ കോട്ടയം ജില്ലയിലെത്തുന്നത്.

മണിക്കൂറുകൾ പിന്നിടുമ്പോഴും വൻജനാവലിയാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ തടിച്ച് കൂടിയത്. കേരളത്തിന്റെ തെരുവുകൾ കണ്ണീർ കടലായി മാറി. വികാര നിർഭരമായ രംഗങ്ങക്ക് സാക്ഷ്യം വഹിച്ചാണ് വിലപയാത്ര കടന്നുപോകുന്നത്. സൗമ്യമായ പുഞ്ചിരി തൂകിയ മുഖം ഇനിയില്ല എന്ന തിരിച്ചറിവിൽ കേരള ജനത റോഡിന്റെ ഇരുവശങ്ങളിൽ നിന്നും വിങ്ങിപ്പൊട്ടി. ജനങ്ങളെ താണ്ടിയുള്ള ഈ അവസാന യാത്ര ജനനായകന് മടുപ്പുളവാക്കില്ല.

Chandy Oommen, son of late former Chief Minister Oommen Chandy, said that the people's love for his father was seen throughout the mourning journey

Similar Posts