നഗ്നപാദനായി 35 കി.മീറ്റര്‍; മഴയത്തും വോട്ടര്‍മാര്‍ക്കു നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്‍റെ യാത്ര
|വാകത്താനം മുതൽ അകലകുന്നം വരെയാണ് ഇന്നത്തെ യാത്ര
കോട്ടയം: വിജയത്തിൽ സമ്മതിദായകർക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ പദയാത്ര ആരംഭിച്ചു. വിജയം കഴിഞ്ഞിറങ്ങിയ പകൽ മണ്ഡലത്തിലുടനീളം സഞ്ചരിക്കാനാണ് ചാണ്ടി തീരുമാനിച്ചത്. പതിവ് ശൈലി തെറ്റിക്കാതെ നഗ്നപാദനായാണ് സഞ്ചാരം. വാകത്താനം മുതൽ അകലകുന്നം വരെ 35 കിലോമീറ്റർ ദൂരമാണ് ഇന്നത്തെ യാത്ര. യാത്ര തുടങ്ങിയപ്പോൾ മഴയും തുടങ്ങി. എന്നാൽ അതെല്ലാം അവഗണിച്ചാണ് യാത്ര.
പുതുപ്പള്ളിയിൽ പിതാവിന്‍റെ സ്വപ്നം സാക്ഷാത്കരിക്കുമെന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. വികസനത്തിന്‍റെയും കരുതലിന്‍റെയും തുടർച്ചയാണ് ഉണ്ടാകുകയെന്ന് ചാണ്ടി ഉമ്മൻ മീഡിയവണിനോട് പറഞ്ഞു. മണ്ഡലത്തിലെ പ്രവർത്തനങ്ങളിലും ഉമ്മൻ ചാണ്ടി ശൈലി പിന്തുടരും. പിതാവിൻ്റെ സ്വപ്നസാക്ഷാത്കാരമാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുപ്പള്ളിയുടെ മനസ് പൂർണമായി തനിക്കൊപ്പമുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഭൂരിപക്ഷം എന്നത് സാങ്കേതികത്വം മാത്രമാണ്. വികസന തുടർച്ചയായാണ് പുതുപ്പള്ളിയിലെ പുതിയ ദൗത്യം. അതു യാഥാർത്ഥ്യബോധത്തോടെ ഏറ്റെടുക്കുന്നു. ബി.ജെ.പി വോട്ട് ലഭിച്ചോയെന്ന ചോദ്യത്തോട് സി.പി.എമ്മിന്റെ വോട്ട് എവിടെപ്പോയി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വികസന തുടർച്ചയായാണ് പുതുപ്പള്ളിയിലെ പുതിയ ദൗത്യം. അതൊരു വലിയ വെല്ലുവിളിയാണ്. അത് യാഥാർത്ഥ്യബോധത്തോടെ ഏറ്റെടുക്കുന്നു. നമുക്ക് ഒരുമിച്ചു നീങ്ങാമെന്നാണ് പുതുപ്പള്ളിയുടെ വികസനത്തെ കുറിച്ച് വിഷമിച്ചിരുന്ന ഇടതുപക്ഷത്തെ സഹപ്രവർത്തകരോട് ആവശ്യപ്പെടാനുള്ളത്. പുതുപ്പള്ളിയുടെ വികസനസ്വപ്‌നങ്ങൾ നമുക്ക് ഒന്നിച്ചുനിന്ന് യാഥാർത്ഥ്യമാക്കാം. വികസനം പലതും മുന്നോട്ടു കൊണ്ടുപോകാനുണ്ട്. അതിന് ഇടതുപക്ഷത്തിന്റെയും പിന്തുണ ആവശ്യമാണെന്നും ചാണ്ടി പറഞ്ഞു.
ഏറ്റവും വലിയ ആഗ്രഹം പുതുപ്പള്ളിയിലൊരു സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയെന്ന അപ്പയുടെയും സ്വപ്‌നമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അത് കേരളത്തിനു മുഴുവൻ ഗുണമായി വരും. സ്ഥലമേറ്റെടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിൽ എം.എൽ.എ ഓഫിസില്ലാത്ത വിമർശനം ചൂണ്ടിക്കാണിച്ചപ്പോൾ അക്കാര്യത്തിൽ സമയമാകുമ്പോൾ തീരുമാനമാകുമെന്നായിരുന്നു മറുപടി. ഇവിടെ ഓഫിസ് ഇല്ലാത്തതിന് ഉമ്മൻ ചാണ്ടിക്ക് എന്തെങ്കിലും യുക്തിയുണ്ടായിരിക്കണം. ഓഫിസ് ഉണ്ടാകുന്നതിനെക്കാളും കാര്യക്ഷമമായാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Summary: Chandy Oommen started padayatra in Puthuppally constituency thanking the voters