Kerala
Kerala
കൊറോണകാലത്ത് ചാരായം വാറ്റി ; പ്രതിക്ക് 3 വർഷം കഠിനതടവ്
|3 Jun 2024 1:17 PM GMT
കൊറോണകാലത്ത് മാത്യു അടുക്കളയിൽ ചാരായം വാറ്റി എന്നതാണ് കേസ്
എറണാകുളം: കൊറോണ കാലത്ത് അനധികൃതമായി ചാരായം വാറ്റിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50000/ രൂപ പിഴയും ശിക്ഷ. മരട് ഒറ്റപ്ലമൂട്ടിൽ മാത്യു ചാക്കോയ്ക്കാണ് എറണാകുളം ഫസ്റ്റ് അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എസ്. പ്രിയങ്ക ശിക്ഷ വിധിച്ചത്.
കൊറോണകാലത്ത് മാത്യു മരടിലുള്ള ഇരുനില വീടിന്റെ താഴത്തെ നിലയിലെ അടുക്കളയിൽ അനധികൃതമായി ചാരായംവാറ്റി എന്നതാണ് കേസ്. ഇവിടെനിന്നും ഒരു ലിറ്റർ ചാരായവും അത് വറ്റുന്നതിനു തയ്യാറാക്കിവച്ച 40 ലിറ്റർ കോടയും, മറ്റ് വാറ്റുപകരണങ്ങളും കണ്ടെത്തിയിരുന്നു.
തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഓഫീസർ ബിജു വർഗീസ് രജിസ്റ്റർ ചെയ്ത കേസിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻവർ സാദത്താണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. ജി. മേരി ഹാജരായി.