"എനിക്ക് ഒ.സി.ഡിയാണ്, 20 വർഷമായി ചികിത്സയിൽ"; ബാല തന്നെ പൂട്ടിയിട്ടിട്ടില്ലെന്ന് സന്തോഷ് വർക്കി
|തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയോ ഫോൺ തട്ടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും ബാലയുടെ ചോദ്യത്തിന് മറുപടിയായി സന്തോഷ് പറഞ്ഞു.
ചെകുത്താൻ അജു അലക്സിനെതിരെ നടൻ ബാല വീണ്ടും രംഗത്ത്. ചെകുത്താനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാല പ്രതികരിച്ചു. ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കൊപ്പം ഫേസ്ബുക്ക് ലൈവിൽ വന്നതായിരുന്നു ബാലയുടെ പ്രതികരണം.
അതേസമയം, ബാല ആറാട്ടണ്ണനെ പൂട്ടിയിട്ടെന്നും ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരെ കാര്യങ്ങൾ പറയിപ്പിച്ചതിനുമുള്ള ചെകുത്താന്റെ ആരോപണങ്ങൾ സന്തോഷ് വർക്കി തള്ളി. താൻ ഒറ്റക്ക് സ്കൂട്ടറിലാണ് ബാലയുടെ വീട്ടിലേക്ക് വന്നതെന്ന് സന്തോഷ് പറയുന്നു. തനിക്ക് ഒ.സി.ഡി (Obsessive-compulsive disorder) എന്ന രോഗമാണ്, 20 വർഷമായി അതിന്റെ ചികിത്സയിലാണ്. അടുത്തിടെ ബാംഗളൂരിലെ ആശുപത്രിയിൽ ആയിരുന്നുവെന്നും സന്തോഷ് പറഞ്ഞു.
സന്തോഷ് കഴിക്കുന്ന മരുന്നുകളും ബാല ലൈവിലൂടെ കാണിച്ചു. തന്റെ ഓർമ്മക്ക് പ്രശ്നങ്ങളുണ്ടെന്നും സന്തോഷ് ലൈവിൽ പറഞ്ഞു. ബാല തന്നെ പൂട്ടിയിട്ടെന്ന ആരോപണം തെറ്റാണ്. തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയോ ഫോൺ തട്ടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും ബാലയുടെ ചോദ്യത്തിന് മറുപടിയായി സന്തോഷ് പറഞ്ഞു.
ചെകുത്താനെ നിയമപരമായി തന്നെ കൈകാര്യം ചെയ്യുമെന്ന് ബാല പറഞ്ഞു. ചെകുത്താന്റെ കഞ്ചാവിന്റയും എംഡിഎംഎയുടേയും ഉപയോഗവും പുറത്തുകൊണ്ടുവരും. പത്ത് വർഷമായി ഈ പണി ചെയ്യുകയാണ്, ഇനി പത്ത് മിനിറ്റ് പോലും അവനത് ചെയ്യില്ലെന്നും ബാല തുറന്നടിച്ചു.
ഇതിനിടെ വ്ളോഗറെ ഫ്ളാറ്റിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബാലക്കെതിരെ കേസെടുത്തിട്ടുണ്ട്. സന്തോഷ് വർക്കി എന്നയാൾ ബാലയുടെ അടുത്തെത്തി മാപ്പു പറയുന്ന വീഡിയോ ബാല തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയെ ട്രോളി താൻ ചെയ്ത വീഡിയോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാല പലവട്ടം സമീപിച്ചിരുന്നുവെന്നാണ് വ്ളോഗർ പറയുന്നത്. ഇതിന് ശേഷമാണ് ഇതേ ആവശ്യം പറഞ്ഞ് ഇടപ്പള്ളിയിലുള്ള വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതെന്നും ഇയാൾ പറയുന്നു. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് വ്ളോഗറുടെ പരാതി.
Read Also: ഗ്യാസ് ഓഫ് ആക്കിയോ? വാതിൽ ശരിക്ക് പൂട്ടിയോ..? ഒസിഡി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആശങ്ക വേണ്ട