പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം; സർക്കാറിന് അധിക ബാധ്യത 30 ലക്ഷത്തോളം രൂപ
|പരീക്ഷാ വിഭാഗത്തിന്‍റെ വീഴ്ചയെന്ന് കെ.എച്ച്.എസ്.ടി.യു
കോഴിക്കോട്: പ്ലസ് ടു കെമിസ്ട്രി പരീക്ഷാ പേപ്പറുകളുടെ പുനർ മൂല്യനിർണയം നടത്തുന്നതിലൂടെ സംസ്ഥാന സർക്കാറിനുണ്ടാകുന്നത് 30 ലക്ഷത്തിന്റെ അധിക ബാധ്യത . വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് തുക തിരിച്ചുപിടിക്കണമെന്ന് അധ്യാപക സംഘടനയായ കെ.എച്ച്.എസ്.ടി.യു ആവശ്യപ്പെട്ടു.
പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ ഏകദേശം മുപ്പതിനായിരത്തോളം ഉത്തരക്കടലാസുകളാണ് നേരത്തെ മൂല്യ നിർണ്ണയം നടത്തിയത്. ഇവ വീണ്ടും മൂല്യ നിർണ്ണയം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം. മൂല്യനിർണ്ണയത്തിനായി പ്രതിഫലവും, ഡി.എ യും, ലീവ് സറണ്ടറും അനുവദിക്കണമെന്ന് ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സർക്കാറിന് മുപ്പത് ലക്ഷത്തോളം രൂപയുടെ അധിക ബാധ്യത വരും. ഈ ചെലവ് ഈടാക്കേണ്ടത്. തെറ്റായ ചോദ്യപ്പേപ്പർ തയ്യാറാക്കിയ ഉദ്യോഗസ്ഥരിൽ നിന്നാണെന്നും അധ്യാപകർ പറയുന്നു.
പരീക്ഷാ വിഭാഗത്തിന്റെ അനാസ്ഥ കാരണം തെറ്റായ ഉത്തര സൂചിക തിരഞ്ഞെടുക്കുക വഴിയാണ് വിദ്യാഭ്യാസ വകുപ്പിന് ഈ അധിക ബാധ്യത വന്നത്. എന്നാൽ ഇത് ചോദ്യം ചെയ്ത അധ്യാപകരോട് സർക്കാർ പക പോക്കുകയാണെന്നും കെ.എച്ച്.എസ്.ടി.യു ആരോപിച്ചു.