സ്രവമെടുക്കാതെയും പോസിറ്റീവെന്ന് ഫലം; ചെമ്മനാട്ടെ കോവിഡ് പരിശോധനയില്‍ സംശയമുയരുന്നു
|എന്നാൽ പരിശോധനയിൽ അപാകതയില്ലെന്നാണ് കേന്ദ്രസർവകലാശാല ലാബിന്റെ വിശദീകരണം.
കാസർകോട് ആര്.ടി.പി.സി.ആര് പരിശോധനാ ഫലത്തിൽ സംശയമുയരുന്നു. സ്രവം എടുക്കാതെ അയച്ച സ്വാബ് സ്റ്റിക്കിലെ ഫലം പോസിറ്റീവായതാണ് സംശയത്തിന് കാരണം. ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഡമ്മിസ്റ്റിക്ക് പരിശോധനക്കയച്ചപ്പോഴാണ് പോസിറ്റീവ് ഫലം ലഭിച്ചത്.
എന്നാല്‍ പരിശോധനയിൽ അപാകത സംഭവിച്ചിട്ടില്ലെന്നാണ് ടെസ്റ്റ് നടത്തിയ കേന്ദ്ര സർവകലാശാല ലാബിൻറെ വിശദീകരണം.
ചെമ്മനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നേരത്തെ വ്യാപകമായി ടെസ്റ്റ് നടത്തിയിരന്നു. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെയാണ് കോവിഡ് പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ വ്യക്തതയില്ലെന്ന വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് ഡമ്മി പരിശോധന നടത്താൻ ഹെൽത്ത് ഇൻസ്പെക്ട്ർ തീരുമാനിച്ചത്.
ഇതിനായി പരിശോധന കേന്ദ്രത്തിലേക്ക് കൊടുത്തയച്ച സ്രവമെടുക്കാത്ത ഡമ്മി സ്വാബ് സ്റ്റിക്കിലെ ഫലമാണ് പോസിറ്റീവായത്. ഇതോടെ പ്രദേശത്ത് നടത്തിയ പരിശോധനയിൽ അപാകത നടന്നുവെന്ന വാദം ബലപ്പെട്ടിരിക്കുകയാണ്.
എന്നാൽ പരിശോധനയിൽ പ്രശ്നങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് കേന്ദ്രസർവകലാശാല ലാബിന്റെ വിശദീകരണം. ടെസ്റ്റിനയച്ച സ്വാബ് സ്റ്റിക്കിന്റെ പ്രശ്നമാകാം ഫലം പോസിറ്റീവാകാൻ കാരണമെന്നും അധികൃതർ പറഞ്ഞു.