എ.ഐ കാമറ പർച്ചേസ്, സ്പെസിഫിക്കേഷൻ രേഖകള്‍ പുറത്തുവിട്ട് ചെന്നിത്തല
|എ.ഐ കാമറ ഇടപാട് കേരളം കണ്ട വലിയ അഴിമതിയെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: എ.ഐ കാമറ പർച്ചേസ്, സ്പെസിഫിക്കേഷൻ രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല. എ.ഐ കാമറ ഇടപാട് കേരളം കണ്ട വലിയ അഴിമതിയെന്നും ചെന്നിത്തല ആരോപിച്ചു. ഇതിന് പിന്നിൽ ആസൂത്രിത നീക്കം നടന്നെന്നും തെറ്റ് ചെയ്തു എന്ന് ബോധ്യപെട്ടാൽ അതിന് അംഗീകാരം കൊടുക്കുകയാണോ കാബിനറ്റ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കൊള്ളയും അഴിമതിയും നടന്നത് മന്ത്രിസഭയുടെ ആശിർവാദത്തോടെയാണ്. മന്ത്രി പി.രാജീവ് ലാഘവത്തോടെയാണ് ഇതേക്കുറിച്ച് സംസാരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
75.32 കോടിയാണ് പദ്ധതി നടപ്പിലാക്കാൻ വേണ്ടത്, എസ്.ആർ,ഐ.ടിയുടെ രേഖപ്രകാരം 83.6 കോടി രൂപക്കാണ് പദ്ധതി നടപ്പിലാക്കുക. എങ്കിൽ ബാക്കി തുക എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും കാമറ വഴിയെടുക്കുന്ന വിവരങ്ങൾ എസ്.ആർ.ഐ.ടിയുടെ സെർവറിലേക്കാണ് പോകുന്നതെന്നും അത് വിറ്റ് കാശാക്കാൻ ഒരു പാടുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
വ്യവസായ വകുപ്പിന്റെ അന്വേഷണം തള്ളുന്നെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നത് അത്തരം അന്വേഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ട്രോയിസ് കമ്പനിയിലെ ജിതേഷ്, ആരാണ് രാംജിത്ത് , പ്രൊസാഡിയോ കമ്പനി ആരുടേതാണ്, രാംജിത്ത് എന്തിന് ക്ലിഫ് ഹൗസിൽ എത്തി മുഖ്യമന്ത്രിയെ കണ്ടു എന്നും ചെന്നിത്തല ചോദിച്ചു.