Kerala
പ്രണയ തട്ടിപ്പില്‍ കുടുങ്ങരുത്: കെ വി തോമസിനോട് ചെറിയാന്‍ ഫിലിപ്പ്
Kerala

'പ്രണയ തട്ടിപ്പില്‍ കുടുങ്ങരുത്': കെ വി തോമസിനോട് ചെറിയാന്‍ ഫിലിപ്പ്

Web Desk
|
6 April 2022 6:14 AM GMT

'പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം'

കണ്ണൂര്‍: സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് മുന്നറിയിപ്പുമായി ഇടതുസഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ്. സിപിഎമ്മിന്‍റെ പ്രണയ തട്ടിപ്പിൽ കുടുങ്ങരുതെന്നാണ് ഇടതു പാളയം വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പിന്‍റെ ഉപദേശം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന് കെ വി തോമസ് നാളെ വ്യക്തമാക്കാനിരിക്കെയാണ് ചെറിയാന്‍ ഫിലിപ്പിന്‍റെ കുറിപ്പ്-

"പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്നേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയിൽ 20 വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്കാരത്തിൽ ജനിച്ചു വളർന്ന കെ.വി തോമസിന് സിപിഎമ്മിന്‍റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല"- എന്നാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ് ബുക്കില്‍ കുറിച്ചത്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എംപി, ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കാണ് കെ വി തോമസിനൊപ്പം ക്ഷണം ലഭിച്ചത്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അനുമതി നിഷേധിച്ചതോടെ പങ്കെടുക്കുന്നില്ലെന്ന് തരൂരും ചന്ദ്രശേഖരനും വ്യക്തമാക്കി. കെ.വി തോമസ് മാത്രമാണ് ഇതുവരെ തീരുമാനം പറയാത്തത്. നാളെ പറയാം എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. പങ്കെടുത്താല്‍ പാര്‍ട്ടി തലത്തില്‍ നടപടി ഉറപ്പാണ്. നാളെ 11 മണിക്ക് തോപ്പുംപടിയിലെ വീട്ടിലാണ് കെ വി തോമസ് മാധ്യമങ്ങളെ കാണുക. പാർട്ടികോൺഗ്രസിൽ പങ്കെടുക്കുന്നതിന് അനുമതി തേടി രണ്ടാം തവണയും കെ.വി തോമസ് നേതൃത്വത്തിന് കത്തയച്ചിരുന്നു. എന്നാൽ പങ്കെടുക്കേണ്ട എന്നാണ് എ.ഐ.സി.സി നേതൃത്വം ആവർത്തിച്ച് കെ.വി തോമസിനോട് പറഞ്ഞത്.

കെ വി തോമസ് മാത്രമല്ല മറ്റ് പല നേതാക്കളും വരുമെന്നും കാത്തിരുന്ന് കാണാമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ പ്രതികരിച്ചു. നേരത്തെ നിശ്ചയിച്ചത് പ്രകാരം നാളെ രാവിലെയായിരുന്നു പാർട്ടി കോൺഗ്രസിൽ 'കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ' എന്ന വിഷയത്തിൽ കെ വി തോമസ് സംസാരിക്കേണ്ടിയിരുന്നത്. എന്നാൽ ഈ പരിപാടി ശനിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും പിണറായി വിജയനുമാണ് ഈ സെമിനാറിൽ പങ്കെടുക്കുക. ജനാധിപത്യവും മതനിരപേക്ഷതയും ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും സെമിനാറിലേക്ക് വരാമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

Summary- Cherian Philip warns K V Thomas not to trust CPIM

Similar Posts