'ബ്രിട്ടാസ് സംസാരിച്ചത് ഞാന്‍ പറഞ്ഞിട്ട്': ചെറിയാന് ഫിലിപ്പ്
|സമരം ദുരന്തമായി മാറാതിരിക്കാന്‍ വേണ്ടിയുള്ള ഇടപെടലാണ് നടത്തിയതെന്ന് ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: സോളാര്‍ സമരത്തില്‍ ഒത്തുതീര്‍പ്പിനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ജോണ്‍ ബ്രിട്ടാസ് സംസാരിച്ചത് താന്‍ പറഞ്ഞിട്ടാണെന്ന് ചെറിയാന് ഫിലിപ്പ്. തിരുവഞ്ചൂരുമായി ആത്മബന്ധം ഉണ്ടായിരുന്നു. യാദൃശ്ചികമായി തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയപ്പോഴാണ് ഈ കാര്യം ചര്‍ച്ചയാകുന്നത്. സമരം ഒത്ത് തീര്‍പ്പ് ആക്കണമെന്ന് തിരുവഞ്ചൂരിന് താല്പര്യം ഉണ്ടായിരുന്നുവെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു. തിരുവഞ്ചൂര്‍ തന്റെ ഫോണിലേക്ക് വിളിച്ചു. താന്‍ പറഞ്ഞിട്ടാണ് ജോണ്‍ ബ്രിട്ടാസ് ചര്‍ച്ചയില്‍ പങ്കാളിയായത്. പാര്‍ട്ടിയിലെ നേതാക്കള്‍ക്കെല്ലാം ഇക്കാര്യം അറിഞ്ഞിരിക്കാം. സമരം അവസാനിപ്പിക്കേണ്ടത് കേരളത്തിന്റെ ആവശ്യമായിരുന്നുവെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.
സമരം ദുരന്തമായി മാറാതിരിക്കാന്‍ വേണ്ടിയുള്ള ഇടപെടലാണ് നടത്തിയതെന്നും സമരം അവസാനിപ്പിക്കേണ്ടത് രണ്ടു കൂട്ടരുടെയും താല്പര്യമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സോളാര്‍ സമരത്തില്‍ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന മാധ്യമ പ്രവര്ത്തകന് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലാണ് വിവാദമായത്. രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് വഴിയാണ് സി.പി.എം ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്നും പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കമെന്നും ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സോളാര്‍ സമരത്തില്‍ ജോണ്‍ മുണ്ടക്കയത്തെ സമീപിച്ചിട്ടില്ലെന്നാണ് രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചത്. ജോണ്‍ മുണ്ടക്കയവുമായി സോളാര്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അത് വെറും ഭാവനയാണെന്നും ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സമരം ഒത്തുതീര്‍പ്പ് ആക്കണം എന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടെന്നും. ചെറിയാന് ഫിലിപ്പിന്റെ ഫോണിലേക്കാണ് വിളിച്ചതെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.
എന്നാൽ ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിക്കുകയുണ്ടായി. ചെറിയാന് ഫിലിപ്പിന്റെ ഫോണില്‍നിന്ന് ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചുവെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്.