എ.കെ.ജി സെന്ററിൽ നടക്കുന്ന രഹസ്യങ്ങളെക്കുറിച്ച് എനിക്കറിയാം, ഒന്നും പുറത്തു പറയില്ല: ചെറിയാൻ ഫിലിപ്പ്
|'കോൺഗ്രസ് മരിച്ചാൽ ഇന്ത്യ മരിക്കും. ഇന്ത്യ ജീവിക്കണമെങ്കിൽ കോൺഗ്രസ് ജീവിക്കണം. അതുകൊണ്ടാണ് ജീവിതത്തിന്റെ സായാഹ്നത്തിൽ വീണ്ടും കോൺഗ്രസിനെ കെട്ടിപ്പടുക്കാനുള്ള ചരിത്രപരമായ ദൗത്യത്തിൽ ഞാനും പങ്കാളിയാകുന്നത്'
രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിന് വിരാമമിട്ട് ചെറിയാൻ ഫിലിപ്പ് കോണ്‍ഗ്രസ് തട്ടകത്തിലേക്ക് തിരികെയെത്തി. അദ്ദേഹത്തിന്‍റെ വരവ് അണികൾക്ക് ആവേശമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാവും പ്രവർത്തക സമിതിയംഗവുമായ എ.കെ. ആന്‍റണിയുമായി ഇന്നു രാവിലെ ചെറിയാന്‍ ഫിലിപ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചെറിയാൻ ഫിലിപ്പിന് നിരവധി കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി അടുപ്പമുണ്ടായിരുന്നു. എ.കെ.ജി സെന്‍ററിന്‍റെ അകത്തളങ്ങളിൽ പ്രവേശനമുണ്ടായിരുന്നു. എന്നാൽ, ഒരിക്കലും അദ്ദേഹം സി.പി.എമ്മിൽ അംഗത്വമെടുത്തില്ല. കഴിഞ്ഞ 20 വർഷമായി സി.പി.എമ്മിൽ അംഗമാകാൻ അദ്ദേഹം ആലോചിച്ചിട്ടുമില്ലെന്നും ആന്‍റണി പറഞ്ഞു.
അതേസമയം, കോൺഗ്രസിൽ സ്വതന്ത്രമായി അഭിപ്രായം പറയാമെന്നും സി.പി.എം സഹയാത്രികനായിരുന്നപ്പോൾ ന്യായീകരണ തൊഴിലാളിയായി മാത്രം മാറിയെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. കേരളത്തിലെ കോൺഗ്രസ് തിരിച്ച് വരവിന്റെ പാതയിലാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍...
എന്റെ അധ്വാനത്തിന്റെ മൂലധനം കോൺഗ്രസിൽ
കേരളത്തിൽ ഐക്യകേരളം എന്ന സങ്കൽപ്പം ഉണ്ടായത് ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ്. നാനാത്വത്തിൽ ഏകത്വമുള്ള രാജ്യത്തെ ഒന്നാക്കിക്കൊണ്ടു പോകാൻ കോൺഗ്രസ് നിലനിൽക്കണം. കോൺഗ്രസ് മരിച്ചാൽ ഇന്ത്യ മരിക്കും. ഇന്ത്യ ജീവിക്കണമെങ്കിൽ കോൺഗ്രസ് ജീവിക്കണം. അതുകൊണ്ടാണ് ജീവിതത്തിന്റെ സായാഹ്നത്തിൽ വീണ്ടും കോൺഗ്രസിനെ കെട്ടിപ്പടുക്കാനുള്ള ചരിത്രപരമായ ദൗത്യത്തിൽ ഞാനും പങ്കാളിയാകുന്നത്. 12 വയസ്സു മുതൽ 47 വയസ്സു വരെ, 45 വർഷക്കാലം രാഷ്ട്രീയ ജീവി എന്ന നിലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിച്ചു. കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിനും ചോരയും വിയർപ്പും ചൊരിഞ്ഞിട്ടുണ്ട്. ആ കാലഘട്ടത്തിൽ പൊലീസിന്റെയും രാഷ്ട്രീയ എതിരാളികളുടെയും കൊടിയ മർദനത്തിന് ഇരയായിട്ടുണ്ട്. എന്റെ അധ്വാനത്തിന്റെ മൂലധനം ഇന്നും കോൺഗ്രസിലാണ്. അതൊരു സ്ഥിരനിക്ഷേപമാണ്.
തറവാട്ടിലേക്ക് വരാൻ പ്രയാസമില്ല
പഴയകാല സ്മരണവും ചരിത്രവും കിടക്കുന്നത് കൊണ്ട് എനിക്കെന്റെ തറവാട്ടിലേക്ക് പോകാൻ ഒരു പ്രയാസവുമില്ല. കാരണം എന്റെ അധ്വാനം അവിടെയുണ്ട്. കോൺഗ്രസിൽ ഞാനൊരു പോരാളിയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവായിരുന്നപ്പോൾ കേരളത്തിലെ കോൺഗ്രസിൽ അധികാരക്കുത്തക രൂപപ്പെട്ടുവന്നു. സ്ഥിരമായി കുറേ എം.എൽ.എമാർ, പാർലമെന്ററി പദവിയിലും രാഷ്ട്രീയ പദവിയിലും സംഘടനാ പദവിയിലും ഒരേ ആളുകൾ. അത് പാടില്ലെന്ന് പറഞ്ഞു. 2001ൽ രണ്ടു തവണ എം.എൽ.എ ആയവർക്ക് സീറ്റു നൽകരുത് എന്ന് പറഞ്ഞു. അത് തിരസ്‌കരിക്കരിച്ച് എല്ലാ എം.എൽ.എമാർക്കും സീറ്റു കൊടുക്കാൻ തീരുമാനിച്ചപ്പോൾ ക്ഷുഭിതനായി കോൺഗ്രസ് വിട്ടു. എന്നെ കോൺഗ്രസിൽ ആരും പുറത്താക്കിയിട്ടില്ല.
അന്ന് ഞാൻ പറഞ്ഞത് ഇന്നു ശരിയായി
20 വർഷമായി ഞാൻ ഇടതുപക്ഷ സഹയാത്രികനാണ്. അധികാരക്കുത്തക അവസാനിപ്പിക്കണമെന്ന് ഞാൻ 20 വർഷം മുമ്പ് പറഞ്ഞ സന്ദേശം ഇപ്പോൾ കോൺഗ്രസ് നടപ്പിലാക്കിയിരിക്കുന്നു. പാർലമെന്ററി രംഗത്തും സംഘടനാ രംഗത്തും സ്ഥിര മുഖങ്ങൾ മാറി പുതിയ നേതൃത്വം വന്നുകൊണ്ടിരിക്കുന്നു. ഞാനന്നു പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ചരിത്രം തെളിയിച്ചിരിക്കുന്നു. കോൺഗ്രസ് അത് ഉൾക്കൊള്ളുന്നു. അത് എനിക്ക് തിരിച്ചുപോക്കിനുള്ള സഹായകരമായ അന്തരീക്ഷം ഉണ്ടാക്കിയിരിക്കുന്നു.
കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യം
കേരളത്തിന്റെ ചരിത്രത്തെ കുറിച്ച് ഏഴു പുസ്തകങ്ങൾ എഴുതിയത് കോൺഗ്രസിൽ ആയിരുന്നപ്പോഴാണ്. നാൽപ്പതു വർഷങ്ങൾക്ക് മുമ്പ് എഴുതിയ കാൽനൂറ്റാണെന്ന പുസ്തകം ഇന്നും ജേണലിസം വിദ്യാർത്ഥികളുടെ പാഠപുസ്തകമാണ്. ആ പുസ്തകത്തിന്റെ സവിശേഷതായി ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞത് ബുദ്ധിപരമായ സത്യസന്ധത കാൽനൂറ്റാണ്ടിന് ഉണ്ട് എന്നതാണ്. ആ പുസ്തകത്തിൽ വിമോചന സമരത്തെയും അടിയന്തരാവസ്ഥയെയും വിമർശിച്ചിരുന്നു. പ്രകാശനച്ചടങ്ങിൽ കെ. കരുണാകരനും എകെ ആന്റണിയും പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം എന്ന പുസ്തകത്തിൽ കോൺഗ്രസിനെ വിമർശിച്ചിരുന്നു. അത് പ്രകാശനം ചെയ്തത് രാജീവ് ഗാന്ധിയായിരുന്നു. കോൺഗ്രസിലിരിക്കുമ്പോൾ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നതു കൊണ്ടാണ് ഇന്നും കാലത്തെ അതിജീവിക്കുന്ന എന്റെ സ്വതന്ത്ര രചനകൾ നിലനിൽക്കുന്നത്.
ഇടതുപക്ഷത്തേക്ക് ചെന്നപ്പോൾ കാൽനൂറ്റാണ്ടിന്റെ പിന്തുടർച്ച, അരനൂറ്റാണ്ട് എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസിനെ ആന്റണി-കരുണാകരൻ തർക്കത്തെ കുറിച്ച് എഴുതാൻ ഒരു പ്രയാസവുമില്ല. രണ്ടു പേരും പിണങ്ങില്ല. പക്ഷേ, സിപിഎമ്മിലുള്ള പ്രശ്‌നങ്ങൾ, എംവിആറിനെയും ഗൗരിയമ്മയെയും പുറത്താക്കിയത്, പിണറായിയും അച്യുതാനന്ദനും തമ്മിലുള്ള പ്രശ്‌നങ്ങൾ, കുടിലമായ വിഭാഗീയത ഇതെല്ലാം എഴുതിയാൽ എനിക്ക് എകെജി സെന്ററിന്റെ വരാന്തയിൽ ചെല്ലാൻ കഴിയില്ല. എന്നെ അനഭിമതനോ ശത്രുവോ ആയി കണക്കാക്കും.
ഒന്നും പുറത്തുപറയില്ല
ഇടതുപക്ഷത്ത് പാർട്ടി വക്താവിനെ പോലെയാണ് പെരുമാറിയത്. പലപ്പോഴും മനസ്സാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയാകേണ്ടി വന്നിട്ടുണ്ട്. അവർ ഏൽപ്പിച്ച രാഷ്ട്രീയച്ചുമതലകൾ സത്യസന്ധമായി നിർവഹിച്ചിട്ടുണ്ട്. എന്റെ നാക്കിൽ നിന്ന് സിപിഎമ്മിനെതിരായി ഒരു വാക്കുപോലും വന്നിട്ടില്ല. എകെജി സെന്ററിൽ നടക്കുന്ന രഹസ്യങ്ങളെ കുറിച്ച് എനിക്കറിയാം. ഒന്നും പുറത്തുപറഞ്ഞിട്ടില്ല. പറയുകയുമില്ല.
കോൺഗ്രസിൽ നിന്നപ്പോൾ ഞാൻ രാഷ്ട്രീയജീവിയായിരുന്നു. കുറച്ചുകാലമായി രാഷ്ട്രീയ മുഖ്യധാരയിൽ നിന്ന് ഞാൻ പോയി. അധികാരസ്ഥാനങ്ങൾ ലക്ഷ്യമാക്കിയല്ല ഞാൻ തിരിച്ചെത്തിയത്. കോൺഗ്രസിലേക്ക് തിരിച്ചവരണമെന്ന് നിരവധി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. വിപുലമായ സൗഹൃദങ്ങളാണ് എന്റെ ശക്തി. എന്റെ വേരുകൾ കോൺഗ്രസിലാണ്. വേറൊരിടത്ത് ഞാൻ വളരില്ല. എന്റെ വേരുകൾ തേടിയുള്ള മടക്കയാത്രയാണിത്. അഭയകേന്ദ്രത്തിനേക്കാൾ സ്വന്തം വീട്ടിൽ കിടന്നു മരിക്കുന്നതാണ് അഭികാമ്യം എന്ന് ഞാൻ കരുതുന്നു.