യുവതിയെ ഭീഷണിപ്പെടുത്തി, മുന്‍ ജീവനക്കാരനെ കള്ളക്കേസില്‍ കുടുക്കി.. മോന്‍സണ് ഒത്താശയുമായി ചേര്‍ത്തല എസ്ഐ
|പരാതിക്കാരെ ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കാൻ മുൻകയ്യെടുത്തത് ചേർത്തല സി ഐ ശ്രീകുമാറാണെന്ന് ആരോപണം
നിരവധി ഉന്നതരുമായി ബന്ധം സ്ഥാപിച്ചെങ്കിലും ചേർത്തല സിഐയാണ് പുരാവസ്തു തട്ടിപ്പുകാരന്‍ മോൻസണ്‍ മാവുങ്കലിന് എപ്പോഴും തുണയായത്. പരാതിക്കാരെ ഭീഷണിപ്പെടുത്തിയും കള്ളക്കേസിൽ കുടുക്കിയുമാണ് ചേർത്തല സി ഐ ശ്രീകുമാർ പല കേസുകളിലും മോൻസണെ സഹായിച്ചത്.
മോൻസണെതിരെ ഉയർന്ന പരാതികളിലെല്ലാം പരാതിക്കാരെ ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കാൻ മുൻകയ്യെടുത്തത് ചേർത്തല സി ഐ ശ്രീകുമാറാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ മാത്രമല്ല മറ്റ് പരാതികളിലും സിഐയുടെ ഇടപെടലുണ്ടായി. മോൻസണെതിരെ പരാതിപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തിയത് സി ഐ തന്നെ മോൻസണോട് വിവരിക്കുന്നതിന്‍റെ ശബ്ദരേഖയടക്കം പുറത്ത് വന്നു കഴിഞ്ഞു. 'ഇവളെയൊക്കെ നല്ല തെറി വിളിക്ക് സാറേ, എന്തിനാ സാറിന്‍റെ ഫോണിലേക്ക് വിളിക്കുന്നത്? ഇവളാരാ' എന്ന് മോന്‍സണ്‍ പറയുമ്പോള്‍ അതു താന്‍ കൈകാര്യം ചെയ്തോളാം എന്നാണ് സിഐയുടെ മറുപടി.
ജീവനക്കാരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി കോടികളുടെ ഇടപാടുകൾ നടത്തി പിടിക്കപ്പെട്ടപ്പോഴും സിഐ രക്ഷക്കെത്തി. മോൻസന്‍റെ പേര് വെളിപ്പെടുത്തരുതെന്നും അല്ലാത്തപക്ഷം കേസ് എടുക്കുമെന്നുമാണ് ജീവനക്കാർക്ക് താക്കീത് നൽകിയത്. ഇത് ലംഘിച്ചതോടെ കള്ളക്കേസിൽ കുടുക്കിയതായി മുൻ ജീവനക്കാരൻ പറയുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സമയങ്ങളിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കാനും മോൻസൺ ശ്രമിച്ചിരുന്നു.