ചെലവിന് ആനുപാതികമായി വില ലഭിക്കുന്നില്ല; കോഴി കര്‍ഷകര്‍ പ്രതിസന്ധിയില്‍
|സർക്കാർ അടിസ്ഥാന വില നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം
കോട്ടയം: സംസ്ഥാനത്ത് കോഴി കർഷകർ പ്രതിസന്ധിയിൽ . ഫാം നടത്തുന്നതിന് വേണ്ട ചെലവിന് ആനുപാതികമായി കോഴിക്ക് വില ലഭിക്കാത്തതാണ് കർഷകരെ വലയ്ക്കുന്നത്. സർക്കാർ അടിസ്ഥാന വില നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മുൻപ് ഏറെ ലാഭകരമായിരുന്ന കോഴി ഫാം നടത്തിപ്പ് ഇന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരു കോഴി ഫാം നടത്തുന്നതിനുള്ള സ്ഥലം കണ്ടെത്തി ലൈസൻസ് വാങ്ങുന്നതു വരെ കർഷകന് കുറഞ്ഞത് 6 ലക്ഷം രൂപയെങ്കിലും ചെലവ് വരും. കൂടാതെ ഏജന്റുമാർ മുഖേന എത്തുന്ന കോഴിയെ 45 ദിവസം കൊണ്ട് വളർത്തുന്നതിനുള ചെലവ് വേറേയും. വർഷങ്ങളായി കർഷകന് ഒരു കിലോയ്ക്ക് ലഭിക്കുന്ന വളർത്തു കൂലി 7 രൂപയാണ്. ഇത് പര്യാപ്തമല്ലെന്നാണ് കർഷകർ പറയുന്നത്.
കോഴിത്തീറ്റ വിലയും കോഴിക്കുഞ്ഞുങ്ങളുടെ വിലയും വർധിച്ചതുമൂലം ചെറുകിട ഏജൻസിക്കാർ പലരും പിൻമാറുകയാണ്. ആയതിനാൽ ഫാമകൾ പലതും വെറുതെ കിടക്കുകയാണ്. ഫാം ഒഴിഞ്ഞു കിടന്നാലും നികുതി തുകയും മെയിന്റനന്‍സും കർഷകന് താങ്ങാൻ വഹിക്കണം. ആയതിനാൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഒരു അടിസ്ഥാന വില നിശ്ചയിക്കുകയും വേണമെന്നാണ് കർഷകരുടെ ആവശ്യം.