ജീവനുള്ള കോഴിയെ തൂവല്‍ പറിച്ച് കഷണങ്ങളാക്കി; യുവാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചിക്കൻ വ്യാപാരി സമിതി
|മാന്യമായി വ്യാപാരം ചെയ്യുന്നു മറ്റുള്ള ചെറുകിട വ്യാപാരികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മോശമായി ചിത്രികരിക്കുന്ന ഇത്തരം ആളുകളുടെ ഈ പ്രവണത അവസാനിപ്പിക്കുന്നതിന് അധികാരികൾ കർശന നടപടി സ്വീകരിക്കണം
തിരുവനന്തപുരം; ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത തിരുവനന്തപുരം പൊഴിയൂരുള്ള യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി.എസ് ഉസ്മാൻ ആവശ്യപ്പെട്ടു. മാന്യമായി വ്യാപാരം ചെയ്യുന്നു മറ്റുള്ള ചെറുകിട വ്യാപാരികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മോശമായി ചിത്രികരിക്കുന്ന ഇത്തരം ആളുകളുടെ ഈ പ്രവണത അവസാനിപ്പിക്കുന്നതിന് അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്നും ഇതിനെതിരെ നടത്തിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മാന്യമായ നിലയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കച്ചവടക്കാരുടെ മുഖത്ത് കരിവാരി തേയ്ക്കുന്ന നിലയിലുള്ള നീച പ്രവർത്തിയെ ശക്തിയുക്തം അപലപിക്കുന്നതായി ചിക്കൻ വ്യാപാര സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. മാംസത്തിന് വേണ്ടി ഉത്പാദിപ്പിക്കുന്ന ഉൽപന്നമാണെങ്കിലും ഒരു ജീവനോട് കാണിക്കേണ്ടതായ മര്യാദകളൊന്നും പാലിക്കാതെ .. നിന്ദ്യമായ നിലയിൽ ഒരു ജീവനെ കൊല്ലാകൊല ചെയ്യുന്ന വിഷ്വൽസ് കാഴ്ചക്കാരിൽ അമ്പരപ്പും വെറുപ്പും സൃഷ്ടിക്കുന്നതാണ്. ഇത്തരം പ്രവർത്തികൾ ചിക്കൻ വ്യാപാര സമിതി അംഗീകരിക്കില്ല എന്നു മാത്രമല്ല. ഇത്തരക്കാർക്കെതിരെ സംഘടന പരമായും നിയമപരമായും കടുത്ത നടപടി തന്നെ സ്വീകരിക്കുന്നതാണ്. ഇയാൾക്കെതിരെ നിയമ പരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
പൊഴിയൂരുള്ള ചെങ്കവിളയിലാണ് സംഭവം. ഇറച്ചിക്കടയിലെ ജീവനക്കാരനാണ് ജീവനുള്ള കോഴിയുടെ തൂവല്‍ പറിച്ചെടുത്തത്. തുടര്‍ന്ന് കോഴിയെ ജീവനോടെ തന്നെ കഷണങ്ങളാക്കുകയും ചെയ്തു. ചിരിയോടെയാണ് അയാള്‍ ഈ ക്രൂരത ചെയ്യുന്നത്. വേറൊരു ആളാണ് വീഡിയോ പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ യുവാവിനു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.