ഇ.ഡിയെ വിട്ട് ഭീഷണിപ്പെടുത്തിയ ശേഷം ഇലക്ടറല്‍ ബോണ്ട് വാങ്ങുകയാണ് ബി.ജെ.പി: മുഖ്യമന്ത്രി
|നാടിന്റെ ദുരിതകാലത്ത് യു.ഡി.എഫ് എം.പിമാര്‍ കൂടെ നിന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി
തിരുവനന്തപുരം: ബി.ജെ.പിയെയും യു.ഡി.എഫ് എം.പിമാരെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. ഇഡിയെ വിട്ട് ആദ്യം ഭീഷണിപ്പെടുത്തിയ ശേഷം ഇലക്ടറല്‍ ബോണ്ട് വാങ്ങുകയാണ് ബി.ജെ.പി. നാടിന്റെ ദുരിതകാലത്ത് യു.ഡി.എഫ് എം.പിമാര്‍ കൂടെ നിന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇന്നുമുതല്‍ 24 ദിവസം നീണ്ടു നില്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി. തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിന്‍കരയില്‍ ആയിരുന്നു പ്രചാരണത്തിന്റെ തുടക്കം.
'സംസ്ഥാനത്തിന് അര്‍ഹമായ പണം നല്‍കാതെ സാമ്പത്തികമായി കേന്ദ്രം ഞെരുക്കി. ക്ഷേമ പെന്ഷന് എങ്ങനെ കൊടുക്കും എന്നത് കാണണമെന്ന വാശിയായിരുന്നു ബി.ജെ.പിക്ക്, ഇലക്ടറല്‍ ബോണ്ട് വഴി രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ബി.ജെ.പി നടത്തിയതെന്ന്' മുഖ്യമന്ത്രി പറഞ്ഞു.
'യു.ഡി.എഫിന്റെ എം.പിമാര്‍ക്കെതിരെയും മുഖ്യമന്ത്രി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. യു.ഡി.എഫ് എം. പിമാര്‍ നാടിനോട് നീതി പുലര്‍ത്തിയില്ല, പല ഘട്ടത്തിലും നാടിനെ അവഗണിച്ചെന്നും' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കടം വാങ്ങിയാണ് കേരളം നില നില്‍ക്കുന്നത് എന്ന് പറഞ്ഞ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ം മറുപടിയായായിരുന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം.
'കേരളം ഒരു രൂപ ചിലവഴിക്കുമ്പോള്‍ 75 പൈസയും സംസ്ഥാനമാണ് കണ്ടെത്തുന്നത്. 25 പൈസ മാത്രമാണ് കേന്ദ്രം ചിലവിടുന്നത്. അടുത്ത വര്‍ഷം ആകുമ്പോള്‍ സംസ്ഥാനം ചിലവഴിക്കുന്നത് 81 പൈസ ആയി ഉയരും' മുഖ്യമന്ത്രി വ്യക്തമാക്കി.
ഇസ്രായേല്‍ മഹത്വം പന്ന്യന്‍ രവീന്ദ്രനില്‍ നിന്ന് കേള്‍ക്കില്ലന്ന് പറഞ്ഞ മുഖ്യമന്ത്രി ബി.ജെ.പി മഹത്വം പറയുന്നവര്‍ ഇവിടുണ്ടന്നും ശശി തരൂരിന്റെ പേര് പറയാതെ സൂചിപ്പിച്ചു. ഇന്ന് ആരംഭിച്ച മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടി ഏപ്രില്‍ 22ന് കണ്ണൂരിലാണ് അവസാനിക്കുന്നത്. ഒരു മണ്ഡലത്തില്‍ മൂന്ന് വീതം പ്രചരണ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും.