ഓണാശംസ നേർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
|ഈ ആഘോഷവേള മുണ്ടക്കൈയിലും ചൂരൽമലയിലും ദുരിതത്തെ അതിജീവിച്ചരോടുള്ള അനുകമ്പ നിറഞ്ഞതാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ ആഘോഷവേള മുണ്ടക്കൈയിലും ചൂരൽമലയിലും ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതാകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളായി ഓണാഘോഷങ്ങളെ അർത്ഥവത്താക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങള്‍ നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്ലാവരിലും പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും അദ്ദേഹം പറഞ്ഞു.