Kerala
Chief minister and ministers with sectoral meetings to clean up the face of the government
Kerala

സർക്കാരിന്റെ മുഖം മിനുക്കാൻ മേഖലാ യോഗങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും

Web Desk
|
26 Sep 2023 1:00 AM GMT

ഒന്നാം പിണറായി സർക്കാരിനുണ്ടായിരുന്ന ജനസ്വാധീനം ഇതുവരെ രണ്ടാം സർക്കാരിന് നേടിയെടുക്കാൻ കഴിഞ്ഞില്ലെന്നത് യാഥാർത്ഥ്യമാണ്

തിരുവനന്തപുരം: സർക്കാറിന്റെ പ്രവർത്തനങ്ങൾ വേണ്ടത്ര ജനങ്ങളിലേക്ക് എത്തിയില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേരള പര്യടനം നടത്താൻ തീരുമാനിച്ചത്. അതിനാലാണ് ജനസദസുകൾക്ക് മുന്നോടിയായി മേഖലാ യോഗങ്ങൾ ചേർന്ന് പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. മേഖല യോഗത്തിനൊപ്പം പൊലീസ് യോഗം വിളിച്ചതും ആഭ്യന്തര വകുപ്പിനെതിരായ വിമർശനങ്ങൾ കൂടി കണക്കിലെടുത്താണ്.

ഒന്നാം പിണറായി സർക്കാരിനുണ്ടായിരുന്ന ജനസ്വാധീനം ഇതുവരെ രണ്ടാം സർക്കാരിന് നേടിയെടുക്കാൻ കഴിഞ്ഞില്ലെന്നത് യാഥാർത്ഥ്യമാണ്. അത് സർക്കാരും പാർട്ടിയും തിരിച്ചറിയുന്നുണ്ട്. യുഡിഎഫ് മണ്ഡലങ്ങളായിരുന്നെങ്കിലും ഉപതെരഞ്ഞെടുപ്പികളിലെ കനത്ത തിരിച്ചടി സഹതാപ തരംഗത്തിനപ്പുറമുള്ള വികാരമായി വിലയിരുത്തപ്പെടുന്നുണ്ട്. അതിനാൽ ലോക് സഭ തെരഞ്ഞെടുപ്പ് മുന്നോടിയായി മുഖം മിനുക്കൽ അനിവാര്യമാണ്. അതിന് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഏക മാർഗ്ഗമെന്ന് സർക്കാർ കരുതുന്നു.

ഇത് മുന്നിൽ കണ്ടാണ് ഇന്ന് മുതൽ മേഖല തലത്തിൽ വികസന പ്രവർത്തനങ്ങളുടെ പുരോഗതി മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് വിലയിരുത്തുന്നത്. ഇതിന് പിന്നാലെ നടക്കുന്ന ജനസദസുകളിലൂടെ ജനങ്ങളെ കയ്യിലെടുക്കുകയാണ് ലക്ഷ്യം. സാധാരണ നിലയിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി തലത്തിലാണ് ജാഥ നടത്തുന്നത്. ചരിത്രത്തിൽ ആദ്യമായി ഇതിലും മാറ്റം വന്നു.

സർക്കാരിന്റെ മുഴുവൻ സംവിധാനത്തിനൊപ്പം മുന്നണിയും ജനസദസുകൾക്കായി ഇറങ്ങുകയാണ്. സർക്കാരിൻറെ മുഖം മിനുക്കിയാലേ ജനങ്ങളെ ഒപ്പം നിർത്താൻ കഴിയുവെന്ന തിരിച്ചറിവിൻറെ അടിസ്ഥാനത്തിലാണ് ഈ നീക്കം. എല്ലാ കാലത്തും വിമർശനം കേൾക്കുന്ന പൊലീസിന് ഇത്തവണയും കുറവ് ഒന്നും ഉണ്ടായിട്ടില്ല. അതിലും ചില മാറ്റങ്ങൾ വേണമെന്ന തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസിൻ യോഗവും മുഖ്യമന്ത്രി വിളിച്ചിരിക്കുന്നത്.

Related Tags :
Similar Posts