ബ്രഹ്മപുരം തീപിടിത്തം: സേനാവിഭാഗങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
|'തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിദഗ്‌ദോപദേശം തേടും'
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തം നിയന്ത്രിക്കുന്നതിനായി പ്രവർത്തിച്ച സേനാവിഭാഗങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിദഗ്‌ദോപദേശം തേടുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
വാർത്താക്കുറിപ്പിന്റെ പൂർണരൂപം
ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാർഗ്ഗം ഉപയോഗിച്ചുള്ള അഗ്‌നിശമന പ്രവർത്തനം നടത്തിയ കേരള ഫയർ & റെസ്‌ക്യൂ സർവ്വീസ് ഡിപ്പാർട്ട്‌മെൻറിനേയും സേനാംഗങ്ങളെയും ഹാർദമായി അഭിനന്ദിക്കുന്നു.
ഫയർഫോഴ്‌സിനോടു ചേർന്ന് പ്രവർത്തിച്ച ഹോംഗാർഡ്‌സ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇവരോടൊപ്പം പ്രവർത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്‌സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബി.പി.സി.എൽ, സിയാൽ, പെട്രോനെറ്റ് എൽ.എൻ.ജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു.
തുടർ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും അവശ്യമായ വിദഗ്‌ധോപദേശം സ്വീകരിക്കുന്നതുമാണ്.