'കേരളത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും രാഹുലിനും ഒരേ സ്വരം': വിമർശനവുമായി മുഖ്യമന്ത്രി
|'സംസ്ഥാനത്തിന്റെ നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് മോദി ശ്രമിക്കുന്നത്'
തിരുവനന്തപുരം: കേരളത്തിനെതിരെ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും കേരളത്തെകുറിച്ച് നിരന്തരം കള്ളം പറയുന്നു. സംസ്ഥാനത്തിന്റെ നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് മോദി ശ്രമിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്ന് ഒളിച്ചോടിയാണ് രാഹുൽ കേരളത്തിൽ എത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
' ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രധാനമന്ത്രി ബിഹാറിനെയും കേരളത്തെയും അപമാനിച്ചു.കേരളത്തിൽ ഒരു സീറ്റുംകിട്ടില്ലെന്ന വെപ്രാളമാണ് മോദിക്ക്. ബി.ജെ.പി നൽകുന്ന പരസ്യങ്ങളിലും സംസ്ഥാനത്തിനെതിരെ ആക്ഷേപം ചൊരിയുന്നു.ഈ തെരഞ്ഞെടുപ്പ് 2019 ന് നേരെ വിപരിതമായ ഫലമാവും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തെറിദ്ധാരണ ഉണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചു. എന്നാൽ ജനങ്ങൾ അത് തിരിച്ചറിഞ്ഞു. വീണ്ടും തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്..'മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫും മാധ്യമങ്ങളും സംഘ്പരിവാറും ചേർന്ന ത്രികക്ഷി മുന്നണിയാണ് എല്‍.ഡി.എഫിനെ കടന്നാക്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഡി സതീശന്റെ തലയ്ക്കു എന്തോ പറ്റിയത് കൊണ്ടാണ് ഇലക്ട്രൽ ബോണ്ടിൽ സിപിഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്. സതീശന്റെ വാക്കുകൾക്ക് വിശ്വാസ്യതയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട പരാതികൾ ഗൗരവമായി പരിശോധിക്കും.ഡിജിപിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട് .തെരഞ്ഞെടുപ്പ് കാലമായതിനാൽ സർക്കാറിന് ഇപെടാൻ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട് മണ്ഡലത്തിലെ എല്‍.ഡി.എഫിന്‍റെ വിവാദ വീഡിയോയെക്കുറിച്ച് അറിയില്ലെന്നും അന്വേഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.