Kerala
വോട്ടൊക്കെ പെട്ടിയിലായില്ലേ? മനുഷ്യത്വം പരിഗണിച്ച് മുഖ്യമന്ത്രിക്ക് ഇനിയെങ്കിലും ഇടപെട്ടു കൂടേ; സിദ്ദിഖ് കാപ്പന്റെ ഭാര്യ
Kerala

'വോട്ടൊക്കെ പെട്ടിയിലായില്ലേ? മനുഷ്യത്വം പരിഗണിച്ച് മുഖ്യമന്ത്രിക്ക് ഇനിയെങ്കിലും ഇടപെട്ടു കൂടേ'; സിദ്ദിഖ് കാപ്പന്റെ ഭാര്യ

Web Desk
|
25 April 2021 5:54 AM GMT

"മുഖ്യമന്ത്രി ഇതുവരെയായി ഇക്കാര്യത്തിൽ ഒന്നും മിണ്ടിയിട്ടില്ല. സിദ്ദീഖ് കാപ്പൻ എന്തു തെറ്റാണ് ചെയ്തതെന്ന് എന്നോട് പറയാം. ഞാനിങ്ങനെ നിരന്തരം ചോദിക്കുന്നില്ലേ?"

മലപ്പുറം: സിദ്ദിഖ് കാപ്പന് കൃത്യമായ ചികിത്സ കിട്ടാത്ത വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത്. സിദ്ദിഖിന്റെ ആരോഗ്യം മുഖ്യമന്ത്രിക്ക് സംരക്ഷിക്കാൻ പറ്റുമെന്ന് ഉറപ്പാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു.

'മുഖ്യമന്ത്രിക്ക് നിയമത്തിന്റെ വഴിയിൽ ഒന്നും ചെയ്യാൻ പറ്റില്ലായിരിക്കാം. എന്നാൽ ഒരു കത്തയക്കുമ്പോഴേക്ക് മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംഭവിക്കുമോ? എന്താണ് അതിന്റെ പരിമിതി എന്ന് എനിക്ക് മനസ്സിലാകുന്നില്ല. തെരഞ്ഞെടുപ്പാണ് പേടിയെങ്കിൽ അതൊക്കെ കഴിഞ്ഞില്ലേ? ഇനിയുമെന്തെങ്കിലും പറഞ്ഞുകൂടേ? വോട്ടൊക്കെ പെട്ടിയിലായല്ലോ?' - റെയ്ഹാനത്ത് ചോദിച്ചു.

'മുഖ്യമന്ത്രിയുടെ ഓഫീസ് കാര്യങ്ങൾ അറിഞ്ഞിട്ടുണ്ട്. വിഷയത്തിൽ യൂണിയൻ നേരത്തെ ഇടപെട്ടിരുന്നു. എംപിമാർ അവർക്ക് ചെയ്യാൻ കഴിയുന്നത് നോക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പത്രപ്രവർത്തക യൂണിയനും കത്തു നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ഇപ്പോഴെങ്കിലും ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷ. രണ്ടോ നാലോ ദിവസം കഴിഞ്ഞിട്ടല്ല ഇതു വേണ്ടത്. ജീവൻ പോയിക്കഴിഞ്ഞ ശേഷം പറഞ്ഞിട്ട് കാര്യമുണ്ടാകില്ല. പോയാൽ ഞങ്ങൾക്കേ പോകൂ. ഒരുപാട് മരണങ്ങളും കൊലകളും നടക്കുന്നത് കൊണ്ട് ആർക്കും ഇതൊരു വിഷയമാകില്ല. എന്റെ മക്കൾക്കും എന്റെ കുടുംബത്തിനും അതൊരു വിഷയമാണ്. ഞങ്ങൾക്ക് അദ്ദേഹത്തെ ജീവനോടെ തിരിച്ചുകിട്ടണം' - അവർ വികാരാധീനയായി.

'ചികിത്സയ്ക്കു വേണ്ടിയാണ് ആശുപത്രിയിൽ കൊണ്ടു പോയിട്ടുള്ളത്. നാലു ദിവസമായി ബാത്ത്റൂമിൽ പോകാൻ അനുവദിക്കാതെ അവിടെ എന്ത് ചികിത്സയാണ് നടക്കുന്നത്. അവിടെ കെട്ടിയിട്ടാൽ കോവിഡ് മാറുമോ? അങ്ങനെ ഒരു ചികിത്സയുടെ ആവശ്യമില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷവും എല്ലാവരും വിചാരിച്ചാൽ എന്തെങ്കിലും ചെയ്യാൻ കഴിയില്ലേ? ഒരു മനുഷ്യത്വ പരിഗണനയെങ്കിലും നൽകിക്കൂടേ?' - അവർ ചോദിച്ചു.

' ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റൂ എന്നാണ് അദ്ദേഹം പറയുന്നത്. ജയിലിൽ ടോയ്‌ലറ്റിൽ പോകാനെങ്കിലും കഴിയും. കെട്ടിയിടാൻ അദ്ദേഹം മൃഗമാണോ? ഇത് അസഹനീയമാണ്. താടെല്ലിന് പൊട്ടുള്ളത് കൊണ്ട് അദ്ദേഹത്തിന് ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല. കട്ടിലിൽ ചങ്ങലയിട്ട് കെട്ടിയിട്ടിരിക്കുകയാണ്. മൂത്രമൊഴിക്കുന്നത് ബോട്ടിലിലാണ്' - അവർ പറഞ്ഞു.

മുഖ്യമന്ത്രി ഇതുവരെയായി ഇക്കാര്യത്തിൽ ഒന്നും മിണ്ടിയിട്ടില്ല. സിദ്ദീഖ് കാപ്പൻ എന്തു തെറ്റാണ് ചെയ്തതെന്ന് എന്നോട് പറയാം. ഞാനിങ്ങനെ നിരന്തരം ചോദിക്കുന്നില്ലേ? ഇതിനേക്കാൾ വലിയ ആളുകൾക്ക് സഹായം നൽകുന്നില്ലേ? ആർഎസ്എസും ബിജെപിയും പോപുലർ ഫ്രണ്ട് ആണെന്നു പറഞ്ഞതു കൊണ്ടാണോ? മുഖ്യമന്ത്രിക്ക് എന്താ പേടിയാണോ? ഒമ്പത് വർഷമായി അദ്ദേഹം മാധ്യമപ്രവർത്തകനാണ്- റൈഹാനത്ത് ചൂണ്ടിക്കാട്ടി.

Similar Posts