'സി.എ.എ വിഷയത്തില് മുഖ്യമന്ത്രി കല്ലുവെച്ച പച്ചക്കള്ളം പ്രചരിപ്പിക്കുന്നു'; എൻ.കെ പ്രേമചന്ദ്രൻ
|പാർലമെന്റ് പാസാക്കിയ നിയമം എങ്ങനെ നടപ്പാക്കാതിരിക്കുമെന്നും പ്രേമചന്ദ്രൻ മീഡിയവൺ ദേശീയപാതയിൽ
കൊല്ലം: സി.എ.എ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കല്ലുവെച്ച പച്ചക്കള്ളം പ്രചരിപ്പിക്കുന്നതായി കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ. പാർലമെന്റ് പാസാക്കിയ നിയമം എങ്ങനെ നടപ്പാക്കാതിരിക്കുമെന്നും പ്രേമചന്ദ്രൻ ചോദിച്ചു. മീഡിയവൺ ദേശീയപാതയിലായിരുന്നു എൻ.കെ.പ്രേമചന്ദ്രന്റെ പ്രതികരണം.
'സി.എ.എ നിയമം നടപ്പാക്കില്ലെന്ന എൽ.ഡി.എഫ് പ്രചാരണം തെരഞ്ഞെടുപ്പ് സ്റ്റണ്ട്മാത്രമാണ്. സിഎഎയുമായി ബന്ധപ്പെട്ട ചർച്ചയിൽ യുഡിഎഫ് എംപിമാർ പങ്കെടുത്തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കേരള രാഷ്ട്രീയത്തെ സി.പി.എം വർഗീയവത്ക്കരിക്കുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
'പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കേണ്ട സമയത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കല്ലുവെച്ച പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. സി.എ.എ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ തന്നെ അതിന് അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തടസവാദം ഉന്നയിച്ചത് ഞാനും ശശി തരൂരുമാണ്. ഒരു സി.പി.എമ്മിന്റെയും നേതാവിനെയും അവിടെ കണ്ടില്ല.എന്നിട്ടത് വോട്ടിനിട്ടപ്പോൾ പരാജയപ്പെട്ടു. പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ നിയമഭേദഗതികൾ അവതരിപ്പിച്ചത് ഞങ്ങളാണ്. പല്ലും നഖവും ഉപയോഗിച്ച് നിശിതമായി വിമർശിക്കുകയും കാമ്പയിൻ നടത്തുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനത്തെയും അതിന്റെ നേതൃത്വത്തെയുമാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വിമർശിക്കുന്നത്'. പ്രേമചന്ദ്രന് പറഞ്ഞു.
'സി.എ.എയുടെ ഭരണഘടനാപരമായ സാങ്കേതികത്വത്തെക്കുറിച്ച് പറഞ്ഞാൽ സി.എ.എയെ പിന്തുണക്കുകയാണെന്ന് പറയും. നിയമം നടപ്പാക്കില്ലെന്നും അതിനെ എതിർക്കുന്നുവൊക്കെ രാഷ്ട്രീയമായി മാത്രം പറയാം. പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാൻ ബാധ്യതയുണ്ടാകും. സി.എ.എ നടപ്പാക്കരുതെന്നാണ് ഞങ്ങളുടെ ആവശ്യം. ആലപ്പുഴയിലെ പാർലമെന്റ് അംഗം മാത്രമാണ് പൗരത്വഭേദഗതിയെ എതിർത്തത് എന്ന് റെക്കോർഡുകൾക്ക് വിരുദ്ധമായി സംസ്ഥാനത്തിന്റെ ഒരു മുഖ്യമന്ത്രി പറയുമ്പോൾ അതിനെ വർഗീയ വത്കരിക്കുകയാണ്'. അദ്ദേഹം പറഞ്ഞു.
'തെരഞ്ഞെടുപ്പ് എന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. ജനങ്ങൾക്ക് എത്ര പരിചിതമാണ മുഖമാണെങ്കിലും അനുഭവ സമ്പത്തുണ്ടെങ്കിൽ പോലും അവരുമായി നേരിട്ട് ആശയവിനിമയം നടത്തിക്കഴിഞ്ഞാലുണ്ടാകുന്ന ഇംപാക്ട് വേറെയാണ്. ഈ തെരഞ്ഞെടുപ്പിൽ ഒന്നരലക്ഷത്തിലധികം ആളുകളെ നേരിട്ട് കണ്ടു വോട്ട് അഭ്യർഥിച്ചു കഴിഞ്ഞു'. എൻ.കെ.പ്രേമചന്ദ്രന് പറഞ്ഞു.