Kerala
Chief Minister is Zondas Godfather, met with the company Tony Chammani wants the CBI to investigate the contracts
Kerala

'മുഖ്യമന്ത്രി സോണ്ടയുടെ ​ഗോഡ്ഫാദർ; കമ്പനിയുമായി കൂടിക്കാഴ്ച നടത്തി'; കരാറുകൾ സിബിഐ അന്വേഷിക്കണമെന്നും ടോണി ചമ്മണി

Web Desk
|
15 March 2023 11:22 AM GMT

മെയ് എട്ട് മുതൽ 12 വരെയാണ് ചർച്ച നടത്തിയത്. തൊട്ടുപിന്നാലെ മെയ് 14ന് സിംഗിൾ ടെണ്ടർ വഴി മൂന്ന് കോർപറേഷനുകളുടെ ടെണ്ടർ നൽകി.

കൊച്ചി: ബ്രഹ്മപുരമടക്കം വിവിധയിടങ്ങളിലെ മാലിന്യപ്ലാന്റ് കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്. സോണ്ടയുമായി മുഖ്യമന്ത്രി നെതർലൻഡ്സിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി ആരോപിച്ചു. 2019ൽ നെതർലൻഡ്സ് സന്ദർശിപ്പോഴായിരുന്നു ഇത്.

സോണ്ടയുടെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രിയെന്നും മൂന്ന് ജില്ലകളിൽ കരാർ ഒപ്പിട്ടത് നിയമവിരുദ്ധമായാണെന്നും ചിത്രങ്ങൾ പുറത്തുവി‌ട്ട് ടോണി ചമ്മണി ആരോപിച്ചു. മെയ് എട്ട് മുതൽ 12 വരെയാണ് ചർച്ച നടത്തിയത്. തൊട്ടുപിന്നാലെ മെയ് 14ന് സിംഗിൾ ടെണ്ടർ വഴി മൂന്ന് കോർപറേഷനുകളുടെ ടെണ്ടർ നൽകി. ഇത് നിയമാനുസൃതമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അന്നത്തെ അംബാസിഡറായിരുന്ന വേണു രാജാമണി, സോണ്ട ഡയറക്ടർ ഡെന്നീസ് ഈപ്പൻ, അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസഫ്, ഒരു വിദേശ ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തതെന്നും ചിത്രം ഉയർത്തിക്കാട്ടി ടോണി ചമ്മണി പറഞ്ഞു. ഈ കൂടിക്കാഴ്ചയുടെ ഫലമായിട്ടാണോ സിംഗിൾ ടെണ്ടറായിട്ട് സോണ്ടയ്ക്ക് തന്നെ കരാർ കൊടുക്കാൻ കെ.എസ്.ഐ.ഡി.സി തീരുമാനിച്ചതെന്നും അതിനായി സമ്മർദമുണ്ടായോ എന്നുമറിയണം.

ഇതുകൊണ്ടാണോ കഴിഞ്ഞ 13 ദിവസമായി മുഖ്യമന്ത്രി ഒരക്ഷരം പോലും മിണ്ടാതിരുന്നതും മാധ്യമങ്ങളുടേയും പ്രതിപക്ഷ നേതാവിന്റേയും ഭാഗത്തുനിന്നുള്ള സമ്മർദ ഫലമായി ഇന്ന് കമ്പനിയെ വെള്ളപൂശിയും കൊച്ചി കോർപറേഷനിലെ യു.ഡി.എഫ് ഭരണകാലത്തെ കുറ്റപ്പെടുത്തിയും പ്രസ്താവന നടത്തിയിട്ടുള്ളത് എന്നുമറിയണം. ഇതിന് മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്.

ടെണ്ടറിൽ പങ്കെടുക്കുന്ന ബിഡ്ഡറുമായി കരാർ ഒപ്പുവയ്ക്കുന്നതിന് മുമ്പ് കൂടിക്കാഴ്ച നടത്തുന്നത് നിയമപരമായും ധാർമികമായും ശരിയാണോ എന്നും ടോണി ചമ്മണി ചോദിച്ചു. അപ്പോൾ സോണ്ടയുടെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രി. ബയോമൈനിങ് കരാറുകൾ മാത്രമല്ല, വേസ്റ്റ് എനർജി പ്ലാന്റുകളുടെ കൂടി ടെണ്ടർ കിട്ടുമ്പോൾ അതിനു പിന്നിൽ അതിശക്തമായ രാഷ്ട്രീയ പിൻബലം ഈ കമ്പനിക്കുണ്ട് എന്ന് വേണം കരുതാൻ.

മെയ് 12ന് തിരിച്ചുവന്ന് 14നാണ് കോഴിക്കോട് കരാർ വെക്കുന്നത്. അത് സിംഗിൾ ടെണ്ടറാണ്. സിംഗിൾ ടെണ്ടറാണെങ്കിൽ റദ്ദാക്കി റീ ടെണ്ടർ ചെയ്യണം. എന്നാൽ അതുണ്ടായില്ല. പിന്നീടവർക്ക് കൊല്ലവും കൊച്ചിയും കിട്ടുന്നു. ഇതെല്ലാം സിംഗിൾ ടെണ്ടറാണ്. അതിനാൽ നിയമാനുസൃതമല്ല കെ.എസ്.ഐ.ഡി.സി ഈ മൂന്നിടങ്ങളിലും ടെണ്ടർ ഉറപ്പിച്ചിട്ടുള്ളത്. അതിലൊരു ബാഹ്യപ്രേരണ ഉണ്ടെന്ന് സംശയിക്കുന്നു.

കേരളത്തിലെ ഖരമാലിന്യ സംസ്‌കരണത്തിനുള്ള വേസ്റ്റ് ടു എനർജി പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിയെ സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണം. കാരണം ഇതിലൊരു വിദേഷ പൗരൻ ഉൾപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെ കുറിച്ചാണ് ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്. അതിനാൽ സി.ബി.ഐ വരണം- അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രഹ്മപുരം വിഷയത്തിൽ ഇതുവരെ മൗനം പാലിച്ച മുഖ്യമന്ത്രി 13ാം ദിവസം ഇന്ന് നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ടോണി ചമ്മണിയുടെ ആരോപണം. സഭയിൽ മുഖ്യമന്ത്രി സോണ്ട കമ്പനിയുടെ പേര് പറഞ്ഞിരുന്നില്ല. പ്രളയത്തെ നേരിടാനുള്ള സംവിധാനങ്ങളെ കുറിച്ച് പഠിക്കാനാണ് മുഖ്യമന്ത്രി നെതർലൻഡ്‌സിൽ എത്തിയത്.

അതിനിടെയാണ് സോണ്ട കമ്പനിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് ആരോപണം. ഇന്നലെ ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസ് പ്രതിയുമായ എം.ശിവശങ്കറിനുമെതിരെ ആരോപണവുമായി മുഖ്യപ്രതിയായ സ്വപ്‌ന സുരേഷ് രംഗത്തുവന്നിരുന്നു.

ബ്രഹ്മപുരത്ത് കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം. ശിവശങ്കറിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിച്ചതെന്നും സ്വപ്‌ന ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ആരോപണം.

Similar Posts