'ബസിന് മുന്നിൽ വന്നു ചാടിയവരെയാണ് ഡിവൈഎഫ്ഐക്കാർ പിടിച്ചുമാറ്റിയത്'; വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി
|''രക്ഷപ്പെട്ടില്ലെങ്കിൽ എന്താണ് സംഭവിക്കുക..നവകേരള ബസ് ആളെ ഇടിച്ചു..പിന്നീടൊരു വാക്കുണ്ട്..അത് ഞാൻ പൂരിപ്പിക്കേണ്ടല്ലോ...''
വയനാട്: കണ്ണൂരിൽ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതിനെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബസിന് മുന്നിൽ വന്നുചാടിയവരെയാണ് ഡിവൈഎഫ്ഐക്കാർ പിടിച്ചുമാറ്റിയത്. ഇതിനെയാണ് ജീവൻ രക്ഷിക്കൽ എന്നു പറഞ്ഞത്. താൻ കണ്ടകാര്യമാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞത്.
''ഞാന്‍ മാത്രമല്ല,എല്ലാ മന്ത്രിമാരും കണ്ടത്.. ഇവർ ബസിന് മുന്നിലേക്ക് ചാടുകയാണ്. ആ ചാടുന്നവരെ പിടിച്ചുമാറ്റുകയാണ് ചെയ്തത്..ഞാൻ പറഞ്ഞതുപോലെത്തന്നെ അവരെ തള്ളിമാറ്റുകയാണ്. അത് സ്വാഭാവികമായി ചെയ്യേണ്ട കാര്യമാണ്. അതാണ് ജീവൻ രക്ഷിക്കുകയാണെന്ന് പറഞ്ഞത്. ബാക്കിയുള്ളതിനൊക്കെ അവസരം കിട്ടിയത് എന്തുകൊണ്ടാണ്... ഇവർ രക്ഷപ്പെട്ടതുകൊണ്ടല്ലേ...രക്ഷപ്പെട്ടില്ലെങ്കിൽ എന്താണ് സംഭവിക്കുക..നവകേരള ബസ് ആളെ ഇടിച്ചു..പിന്നീടൊരു വാക്കുണ്ട്..അത് ഞാൻ പൂരിപ്പിക്കേണ്ടല്ലോ... അവരുടെ ജീവൻ രക്ഷിക്കാൻ ഇടപെടൽ നടത്തിയവരെ ഇപ്പോഴും ഞാൻ ശ്ലാഘിക്കുകയാണ്..''മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രി പദത്തിൽ ഇരുന്നാണ് ഇതെല്ലാം പറയുന്നതോർക്കണമെന്നും ഇതാവർത്തിച്ചാൽ കടുത്ത ഭാഷയിൽ തന്നെ പ്രതികരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
അതേസമയം, കണ്ണൂരി ൽ കുട്ടികൾ കൈവീശി കാണിച്ചപ്പോൾ താനും കൈവീശിക്കാണിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ സ്കൂളിൽ നിന്ന് ഇറക്കി നിർത്തുന്നത് ഗുണകരമല്ല. ഇത് ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസ്സിന് ആളെ കൂട്ടാൻ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു മലപ്പുറം ജില്ല കമ്മിറ്റി തിരൂരങ്ങാടി ഡി.ഇ ഓഫീസ് ഉപരോധിച്ചു.
നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം തിരൂരങ്ങാടി ഡിഇഒ യുടെ ഉത്തരവിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിർദേശത്തിനെതിരെ കെ.എസ്.യു ഹൈകോടതിയെ സമീപിക്കും.