Kerala
Chief Minister Pinarayi Vijayan against Kerala Congress MPs including Rahul Gandhi on human-wildlife conflict.
Kerala

'ഒന്ന് മരിച്ച് കിട്ടിയാൽ ശവമെടുത്ത് ഓടാൻ നിൽക്കുകയാണ്'; വിമർശനവുമായി മുഖ്യമന്ത്രി

Web Desk
|
9 March 2024 1:21 PM GMT

നിയമം ഭേദഗതി ചെയ്യാൻ വയനാട് എംപിയായ രാഹുൽ ഗാന്ധി അടക്കമുള്ള 18 എംപിമാർ പാർലമെൻറിൽ ആവശ്യപ്പെട്ടോയെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം:ഏതെങ്കിലും സ്ഥലത്ത് ആനയെ കടുവയോ ആളുകളെ ഉപദ്രവിക്കുന്ന അവസ്ഥ വന്നാൽ, മരിച്ചുകിട്ടിയാൽ ആ ശവമെടുത്ത് ഓടാൻ വേണ്ടിയും സർക്കാറിനെതിരെ തിരിച്ചുവിടാനും നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ ജീവന് വില കൽപ്പിക്കാത്തതാണ് പ്രശ്‌നമെന്നും ഉത്തരവാദികൾ കോൺഗ്രസും ബിജെപിയുമാണെന്നും അദ്ദേഹം വിമർശിച്ചു. നിയമം കൊണ്ടുവന്നത് അവരാണെന്നും പറഞ്ഞു. ഈ നിയമം ഭേദഗതി ചെയ്യാൻ വയനാട് എംപിയായ രാഹുൽ ഗാന്ധി അടക്കമുള്ള 18 എംപിമാർ പാർലമെൻറിൽ ആവശ്യപ്പെട്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്താണ് ഈ ആവശ്യം ഉന്നയിക്കാൻ പ്രയാസമെന്നും ചോദിച്ചു. ആറ്റിങ്ങലിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ആരും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് പാർലമെന്റിൽ ഉണ്ടായതെന്നും കഴിഞ്ഞ അഞ്ചുവർഷം പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം ദുർബലമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 18 പേർ അതിനിർണായക നിമിഷങ്ങളിൽ നിശബ്ദത പാലിച്ചുവെന്നും ഭരണഘടനയെ അവഹേളിച്ചപ്പോൾ പോലും പ്രതികരിക്കാനായില്ലെന്നും വിമർശിച്ചു. വർഗീയ നീക്കങ്ങൾക്കെതിരെ കേരളം ഉറച്ച നിലപാടെടുത്തുവെന്നും അതാണ് ലോക്‌സഭയിൽ വേണ്ടതെന്നും വർഗീയതയുമായി സമരസപ്പെടുന്ന കൂട്ടരുണ്ടെങ്കിൽ അവരെക്കൂടി എതിർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാക്കനക്കാൻ പറ്റാത്ത, മൗനം പാലിക്കുന്ന കൂട്ടരായിരുന്നു പാർലമെന്റിൽ ഉണ്ടായിരുന്നതെന്നും അവർ വമ്പിച്ച പരാജയമായിരുന്നുവെന്നും കുറ്റപ്പെടുത്തി. കേരളം ആഗ്രഹിക്കുന്നതിനൊപ്പം നിൽക്കാൻ അവർക്കായില്ലെന്നും പറഞ്ഞു. സംസ്ഥാനത്തിന് അർഹതപ്പെട്ട 1,07,500 ൽപ്പരം കോടി രൂപ കേന്ദ്രം നൽകിയിട്ടില്ലെന്നും കഴിഞ്ഞ കാലയളവിൽ കേരളത്തിന് ദുരനുഭവം ഉണ്ടായെന്നും പറഞ്ഞു. ഇനി അതാവർത്തിക്കില്ലെന്ന് പലരും ഉറപ്പിച്ചുകഴിഞ്ഞുവെന്നും അവകാശപ്പെട്ടു.

ബിജെപിയിൽ നിന്ന് എന്ത് വ്യത്യസ്ത നിലപാടാണ് കോൺഗ്രസിനുള്ളതെന്നും ഹിമാചലിൽ രാമക്ഷേത്ര ചടങ്ങുള്ള ദിവസം അവധി വരെ പ്രഖ്യാപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് കൃത്യതയോടെയുള്ള നിലപാട് സ്വീകരിക്കുന്നില്ലെന്നും ഇടതുപക്ഷം സ്വീകരിക്കുന്നത് കൃത്യമായ നിലപാടാണെന്നും അവകാശപ്പെട്ടു. ഏക സിവിൽ കോഡിനെപ്പോലും കോൺഗ്രസുകാർ പിന്തുണയ്ക്കുകയാണെന്നും ആരോപിച്ചു.

ഫലസ്തീൻ വിഷയത്തിൽ നേരത്തെയുള്ള നിലപാട് ഉയർത്തിക്കാണിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും രാജ്യത്ത് എവിടെയെങ്കിലും ഒരു പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഫലസ്തീൻ ഐക്യദാർഢ്യത്തിൽ പങ്കെടുത്ത് ഇസ്രായേലിന് ഒരു കോൺഗ്രസ് നേതാവ് ഐക്യദാർഢ്യം നൽകിയെന്നും അദ്ദേഹത്തെ ആരും തിരുത്തിയില്ലെന്നും ശശി തരൂരിനെതിരെ ഒളിയമ്പെയ്ത് മുഖ്യമന്ത്രി എൽഡിഎഫ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷനിൽ സംസാരിച്ചു. വീണ്ടും വീണ്ടും ഇസ്രയേലിന് ഒപ്പമെന്ന് പ്രഖ്യാപിച്ചുവെന്നും ഇങ്ങനെയാണോ ബിജെപിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും ഇത് സമരസപ്പെടലാണെന്നും പറഞ്ഞു. കോൺഗ്രസിനെ വിജയിപ്പിച്ചാൽ അവർ അതെ രീതിയിൽ നിൽക്കുമോയെന്നും ചോദിച്ചു.


Similar Posts