Kerala
പ്രളയസമയത്തുൾപ്പെടെ കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരി; യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
Kerala

'പ്രളയസമയത്തുൾപ്പെടെ കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരി'; യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Web Desk
|
13 May 2022 12:08 PM GMT

യു.എ.ഇ.യിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിൽ അദ്ദേഹം പുലർത്തിയ കരുതൽ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: യുഎഇ പ്രസിഡൻറും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ പ്രളയസമയത്തുൾപ്പെടെ കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലടക്കം പ്രസിദ്ധീകരിച്ച വാർത്താകുറിപ്പിലാണ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്. ശൈഖ് ഖലീഫയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും യു.എ.ഇയുടെ ആധുനികവത്ക്കരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം നമ്മുടെ രാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.എ.ഇ.യിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിൽ അദ്ദേഹം പുലർത്തിയ കരുതൽ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും പ്രളയസമയത്തുൾപ്പെടെ കേരളത്തിനായി സഹായഹസ്തം നീട്ടിയ അദ്ദേഹം എന്നും കേരളത്തിന്റെ സുഹൃത്തായി നിലകൊണ്ടുവെന്നും കുറിപ്പിൽ അനുസ്മരിച്ചു. വലിയ നഷ്ടമാണ് അൽ നഹ്‌യാന്റെ വേർപാട് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.



യുഎഇ വാർത്താ ഏജൻസിയാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ മരണ വാർത്ത അറിയിച്ചത്. 2004 നവംബർ മൂന്നു മുതൽ യുഎഇ പ്രസിഡൻറാണ്. 73 വയസ്സായിരുന്നു. പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ അന്തരിച്ച ശേഷമാണ് അദ്ദേഹം പ്രസിഡൻറ് പദവിയിലെത്തിയത്. 1948ലാണ് ജനനം. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻറും അബുദാബിയുടെ 16-ാമത് ഭരണാധികാരിയുമാണ്. ശൈഖ് സായിദിന്റെ മൂത്ത മകനാണ്.

യുഎഇയെ ആഗോളതലത്തിൽ നിർണായ സ്ഥാനം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഭരണാധികാരിയാണ് ശൈഖ് സായിദ് ബിൻ നഹ്‌യാൻ. ഏതാനും മാസങ്ങളായി ആരോഗ്യപരമായ കാരണങ്ങളാൽ പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ ചികിത്സക്കായി കൊണ്ടുപോയിരുന്നെങ്കിലും ഗൾഫ് മേഖലയുടെ പ്രാർഥനകൾ വിഫലമാക്കി അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

ശൈഖ് സായിദ് ബിൻ അൽ നഹ്‌യാന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. യുഎഇയിൽ ഇന്ന് പ്രവൃത്തിദിനമാണ്, എങ്കിലും പ്രസിഡന്റിന്റെ മരണത്തെ തുടർന്ന് എല്ലാ സർക്കാർ ഓഫീസുകളും പ്രവർത്തനം നിർത്തിവെച്ചു. ഇനി എത്ര ദിവസം ഔദ്യോഗിക അവധിയുണ്ടാവുമെന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല.

Chief Minister Pinarayi Vijayan condoles on the death of UAE President sheikh khalifa bin zayed

Similar Posts