വഖഫ് നിയമനം: മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
|ഏപ്രിൽ 20ന് തിരുവനന്തപുരത്താണ് യോഗം
വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു. ഏപ്രിൽ 20ന് തിരുവനന്തപുരത്താണ് യോഗം. വഖ്ഫ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട നടപടിയുമായി മുന്നോട്ട് പോകുമെന്ന് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വീണ്ടും സംഘടനകളുടെ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞതു പോലെ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം, വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനത്തിൽ മുഖ്യമന്ത്രി വിളിക്കുന്ന യോഗങ്ങളെ വിശ്വസിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞ വാക്ക് പാലിച്ചിട്ടില്ലെന്നും മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഒരു മന്ത്രി വഖഫ് നിയമനം പിഎസ്‌സിക്ക് വിടുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കേ പിന്നെയെന്തിനാണ് യോഗമെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രി വി.അബ്ദുറഹ്‌മാൻ നിയമസഭയിൽ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നൽകിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് വൈകാതെ തീരുമാനമുണ്ടാക്കുമെന്ന് ചൊവ്വാഴ്ച രാവിലെയും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ഈ വാക്കുകളിൽ ഇപ്പോഴും പ്രതീക്ഷയും വിശ്വാസവുമുണ്ട്. നേരത്തെ നൽകിയ വാഗ്ദാനം അടിയന്തരമായി നടപ്പിലാക്കണമെന്നും തങ്ങൾ പറഞ്ഞു. നേരത്തെ സമസ്ത അടക്കമുള്ള മതസംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി വഖ്ഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിൽ എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് ഉറപ്പ് നൽകിയിരുന്നു.
അതേസമയം, വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിൽ സംസ്ഥാന സർക്കാർ പറഞ്ഞ് പറ്റിച്ചുവെന്നും മുഖ്യമന്ത്രിയെ വിശ്വാസമാണ് എന്ന് ചിലർ പറഞ്ഞപ്പോൾ മുന്നറിയിപ്പ് നൽകിയതാണെന്നും എന്നാൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചെന്നും മുസ്ലിം ലീഗ് ജനറൽസെക്രട്ടറി പി.എം എ സലാം പറഞ്ഞിരുന്നു. മന്ത്രി പറഞ്ഞത് ശരിയല്ലെങ്കിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തോട് ചെയ്തത് വിശ്വാസ വഞ്ചനയാണെന്നും ഭേദഗതി പിൻവലിക്കും വരെ ലീഗ് സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ഇന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ മുസ്ലിം സംഘടനകളുടെ സംയുക്ത പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്ന പിഎംഎ സലാമിന്റെ പ്രതികരണം.
Chief Minister Pinarayi Vijayan convened a meeting of Muslim organizations in connection with the transfer of Waqf appointment to PSC.