'യുക്രൈനിൽ വിദ്യാർഥികൾക്ക് സുരക്ഷിതപാത ഒരുക്കണം'; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
|വ്യക്തമായ നിർദേശമില്ലാത്തതിനാൽ വിദ്യാർഥികൾ അപകടസാധ്യതയുള്ള പടിഞ്ഞാറോട്ട് പലായനം ചെയ്യാൻ ശ്രമിക്കുന്നുവെന്നു കത്തിൽ ചൂണ്ടിക്കാട്ടി
റഷ്യൻ അധിനിവേശം നടക്കുന്ന യുക്രൈനിൽ മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് സുരക്ഷിതപാത ഒരുക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. യുദ്ധ മേഖലയിൽനിന്ന് വിദ്യാർഥികൾക്ക് പുറത്തുവരാൻ മാനുഷിക പരിഗണന വെച്ച് സുരക്ഷിതപാത ഒരുക്കണമെന്നും അതിന് റഷ്യൻ നേതൃത്വവുമായി പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
റെഡ്ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളെ ഉപയോഗിച്ച് ഭക്ഷണവും വെള്ളവും എത്തിക്കാൻ അടിയന്തര നടപടി വേണമെന്നും നിലവിൽ ബങ്കറുകളിലുള്ള വിദ്യാർഥികൾക്ക് വെള്ളവും ഭക്ഷണവും തീർന്നതിനാൽ പട്ടിണി നേരിടുകയാണെന്നും കത്തിൽ പറഞ്ഞു.
ഖാർകീവ്, സുമി നഗരങ്ങളിൽ രൂക്ഷമായ ഷെല്ലാക്രമണവും ബോംബാക്രമണവും നടക്കുകയാണെന്നും എന്ത് ചെയ്യണമെന്ന് വ്യക്തമായ നിർദേശമില്ലാത്തതിനാൽ വിദ്യാർഥികൾ അപകടസാധ്യതയുള്ള പടിഞ്ഞാറോട്ട് പലായനം ചെയ്യാൻ ശ്രമിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 27ന് അയച്ച കത്തിന്റെ തുടർച്ചയായാണ് പുതിയ കത്ത് കൈമാറിയത്. 2320 മലയാളി വിദ്യാർഥികൾ യുക്രൈനിൽ പഠിക്കുന്നുണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് മുമ്പ് കത്തയച്ചിരുന്നു.
അതേസമയം, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കൂടുതൽ വിമാനങ്ങൾ അയക്കാൻ തീരുമാനിച്ചു. സ്പൈസ് ജെറ്റിന്റെ നാല് വിമാനങ്ങൾ കൂടി ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകും. റൊമാനിയ സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കായിരിക്കും വിമാനങ്ങൾ അയക്കുക. എന്നാല്‍ യുക്രൈനില്‍ നിന്ന് ട്രൈയിന് മാർഗം എത്തിയ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുമ്പോൾ കൂടുതൽ വിദ്യാർത്ഥികൾ എംബസി നിർദ്ദേശപ്രകാരം കിഴക്കൻ മേഖലകളിൽ നിന്ന് അതിർത്തിയിലേക്ക് എത്തുന്നുണ്ട്. രക്ഷാ പ്രവർത്തനത്തിൻറെ ഏകോപനത്തിനായി കേന്ദ്ര മന്ത്രിമാരും വിവിധ അതിർത്തികളിൽ ഉണ്ട്. ഓപ്പറേഷൻ ഗംഗയിലെ പതിനൊന്നാം വിമാനം കൂടി എത്തിയതോടെ ഇത് വരെ ഇരുന്നൂറിലേറെ മലയാളികൾ ഉൾപ്പടെ രണ്ടായിരത്തിലേറെ ഇന്ത്യക്കാർ തിരിച്ചെത്തിയിട്ടുണ്ട്.
യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം തുടങ്ങിയത് മുതൽ വിദ്യാർഥികളാണ് ഏറ്റവും ദുരിതത്തിലായത്. പലരും ദിവസങ്ങളോളം ബങ്കറിൽ അഭയം തേടിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൂടുതൽ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചിരുന്നു. ഇനിയും പലയിടങ്ങളിലും വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഖാർകിവിൽ റഷ്യൻ ഷെല്ലാക്രമണത്തിനിടെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിയും കർണാടക സ്വദേശിയായ നവീൻ ( 21 ) കൊല്ലപ്പെട്ടിരുന്നു. നവീനിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അതേസമയം, യുക്രൈനിൽ കുടുങ്ങിയവരെ റഷ്യൻ അതിർത്തി വഴി രക്ഷപ്പെടുത്താനാണ് ശ്രമം. ഖർകീവിലും സുമിയിലും കുടുങ്ങിയവരെ രക്ഷപ്പെടുത്താനും ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നുണ്ട്.12000 ഇന്ത്യക്കാർ യുക്രൈൻ വിട്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ വ്യക്തമാക്കി. റഷ്യയിലെ ബെൽഗറോഡ് വഴി ഇന്ത്യക്കാരെ രക്ഷപ്പെടുത്താനാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം.
Chief Minister Pinarayi Vijayan has written to Prime Minister Narendra Modi requesting that a safe passage be prepared for Indian students, including Malayalees, in Ukraine, which is under Russian occupation.