Kerala
Chief Minister Pinarayi Vijayan Praises Actor Mohanlal
Kerala

'മോഹൻലാൽ മലയാള സിനിമയുടെ യശസ് ഉയർത്തിയ നടൻ, കേരളം കടപ്പെട്ടിരിക്കുന്നു'; പുകഴ്ത്തി മുഖ്യമന്ത്രി

Web Desk
|
31 Aug 2024 4:44 PM GMT

'ചലച്ചിത്ര കലാകാരനായിരിക്കെത്തന്നെ ടെറിറ്റോറിയൽ ആർമിയിൽ ലഫ്. കേണൽ പദവിയിലിരുന്ന് ചെറുപ്പക്കാരെ സൈനികസേവനത്തിലൂടെ രാജ്യരക്ഷയ്ക്ക് സംഭാവന ചെയ്യാൻ മോഹൻലാൽ പ്രേരിപ്പിച്ചു'.

തിരുവനന്തപുരം: നടൻ മോഹൻലാലിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയുടെ യശസുയർത്തിയ നടനാണ് മോഹൻലാലെന്നും അദ്ദേഹത്തോട് കേരളം കടപ്പെട്ടിരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധിയില്‍ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പുരസ്‌കാര ദാനചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മോഹൻലാലാണ് ഇത്തവണത്തെ പുരസ്കാരത്തിന് അർഹനായത്.

'ശ്രീകുമാരൻ തമ്പി പുരസ്‌കാരത്തിലൂടെ ഈ വർഷം ഈ ആദരവിന് അർഹനായിട്ടുള്ളത് മോഹൻലാലാണ്. ഒരു വിശേഷണവും പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത വിധം മലയാളികളുടെയെല്ലാം മനസിൽ തെളിഞ്ഞുവരുന്ന മുഖമാണ് അദ്ദേഹത്തിന്റേത്. ഏതാണ്ട് നാലുപതിറ്റാണ്ടിലേറെയായി അഭിനയകലയിലൂടെ മലയാള സിനിമാ രംഗത്ത് നിറഞ്ഞുനിൽക്കുകയാണ് അദ്ദേഹം'- മുഖ്യമന്ത്രി പറഞ്ഞു.

'ഇടയ്ക്കിടയ്ക്ക് ഇതരഭാഷകളിലും പ്രത്യക്ഷപ്പെടുന്നു. ആ നിലയ്ക്ക് മലയാള ചലച്ചിത്രകലാകാരനെന്ന അടിസ്ഥാന മേൽവിലാസത്തിൽ നിന്നുകൊണ്ടുതന്നെ ദേശീയചലച്ചിത്രകാരനായി ഉയർന്നുനിൽക്കുന്ന നടനാണ് മോഹൻലാൽ. മികച്ച നടനുള്ള ദേശീയപുരസ്‌കാരമടക്കം, ദേശീയവും അന്തർദേശീയവുമായ ബഹുമതികൾ നേടി മലയാള സിനിമയുടെ യശസുയർത്തുന്നതിൽ വലിയ പങ്കുവഹിച്ച ഈ കലാകാരനോട് കേരളം കടപ്പെട്ടിരിക്കുന്നു'- മുഖ്യമന്ത്രി വിശദമാക്കി.

'ചലച്ചിത്ര കലാകാരനായിരിക്കെത്തന്നെ ടെറിറ്റോറിയൽ ആർമിയിൽ ലഫ്. കേണൽ പദവിയിലിരുന്ന് ചെറുപ്പക്കാരെ സൈനികസേവനത്തിലൂടെ രാജ്യരക്ഷയ്ക്ക് സംഭാവന ചെയ്യാൻ മോഹൻലാൽ പ്രേരിപ്പിച്ചു. അദ്ദേഹത്തിലെ മനുഷ്യത്വവും അതിന്റെ ഭാഗമായ ജീവകാരുണ്യ മനോഭാവവും എടുത്തുപറയേണ്ടതാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.

'ശ്രീമോഹനം' എന്ന പേരിൽ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി മോഹന്‍ലാലിന് പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.



Similar Posts