ആരോഗ്യവകുപ്പിനെ ബോധപൂർവം താറടിച്ചുകാണിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി
|ഇത്തരം ആരോപണങ്ങളിലൂടെ സർക്കാരിനെയല്ല നാടിനെയാണ് താറടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ ബോധപൂർവം താറടിച്ചുകാണിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിയേയും ഓഫീസിനേയും കരിവാരി തേച്ചു. കള്ള വാർത്ത ബോധപൂർവ്വം സൃഷ്ടിച്ചു. വീഴ്ച പറ്റിയെങ്കിൽ തുറന്ന് സമ്മതിക്കാൻ മനസ് വേണം. ഇത്തരം ആരോപണങ്ങളിലൂടെ സർക്കാരിനെയല്ല നാടിനെയാണ് താറടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമനക്കോഴ കേസിന് പിന്നിലുള്ള ഗൂഢാലോചന നടന്നത് പ്രതിപക്ഷ ഭാഗത്ത് നിന്നാണെന്നാണ് സൂചന നൽകുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മാധ്യമങ്ങളെ അദ്ദേഹം അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഈ ആരോപണവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിൽ വസ്തുതയില്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. അഭിമാനകരമായി പ്രവർത്തനം നടത്തുന്ന വകുപ്പിനെ ബോധപൂർവം താറടിക്കാനുള്ള ശ്രമം നടത്തി.
ബോധപൂർവമായി ഉണ്ടാക്കിയ കള്ളകഥക്ക് മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. മാധ്യമങ്ങൾ ഈ വാർത്തയെ വളച്ചൊടിച്ചൊടിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങൾ വാർത്തയെ കൈകാര്യം ചെയ്യുന്ന രീതിയെയും മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തെയും വിമർശിച്ചു. പ്രതിപക്ഷത്ത് നിന്നാണോ ഇങ്ങനെയൊരു ഗുഢാലോചനയുണ്ടയതെന്ന ചോദ്യത്തിന് പ്രതിപക്ഷത്ത് നിന്നല്ലാതെ ഭരണപക്ഷത്ത് നിന്ന് ഗുഢാലോചനയുണ്ടാകുമോ എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.