Kerala
താനോ സർക്കാരോ പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി; നടപടിയുണ്ടാവുമോ എന്ന ചോദ്യത്തോട് ഒഴിഞ്ഞുമാറി
Kerala

താനോ സർക്കാരോ പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി; നടപടിയുണ്ടാവുമോ എന്ന ചോദ്യത്തോട് ഒഴിഞ്ഞുമാറി

Web Desk
|
3 Oct 2024 7:29 AM GMT

പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്താൻ ഇടപെട്ട പിആർ ഏജൻസിക്കെതിരെ നിയമ നടപടിയുണ്ടാവുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ മുഖ്യമന്ത്രി തയാറായില്ല.

തിരുവനന്തപുരം: ദ ഹിന്ദു പത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട പിആർ വിവാദത്തിൽ വീണ്ടും വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ സർക്കാരോ ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി ഒരു പൈസയും ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരനാണ് അഭിമുഖത്തിനായി തന്നെ ബന്ധപ്പെട്ടതെന്നും അത് ആലപ്പുഴയിലെ ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഏതെങ്കിലുമൊരു ജില്ലയെയോ വിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി തന്റെ നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിനിടെ മറ്റൊരാൾ കൂടി കടന്നുവന്നു. എന്നാൽ അയാളെ തനിക്കറിയില്ല. മാധ്യമപ്രവർത്തകയുടെ കൂടെയുള്ള ആളാണെന്നാണ് കരുതിയത്. പിന്നെയാണ് പറയുന്നത് അതൊരു ഏജൻസിയുടെ ഭാഗമായ ആളാണ് എന്ന്- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, വിവാദ വിഷയങ്ങളിലെ ചോദ്യങ്ങളിൽനിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്താൻ ഇടപെട്ട പിആർ ഏജൻസിക്കെതിരെ നിയമ നടപടിയുണ്ടാവുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാനും മുഖ്യമന്ത്രി തയാറായില്ല.

'എന്റെ ഇന്റർവ്യൂവിന് ഹിന്ദു ആവശ്യപ്പെടുന്നതായി എന്റടുത്ത് പറയുന്നത് എനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരനാണ്. അത് ആലപ്പുഴയിലെ ദേവകുമാറിന്റെ മകനാണ്. ഹിന്ദുവിന് ഒരു ഇന്റർവ്യൂ കൊടുത്തൂടേ എന്ന് ചോദിച്ചു. ആയിക്കോട്ടെ എന്ന് ഞാൻ പറഞ്ഞു. സമയം ഞാൻ പറഞ്ഞു'.

'അവർ വന്നു. രണ്ടു പേരാണ് വന്നത്. ഒന്നൊരു ലേഖികയാണ്. ഒറ്റപ്പാലംകാരിയാണ്. നേരത്തെ, തന്നെ ഇന്റർവ്യൂ ചെയ്തിട്ടുള്ളയാണെന്ന് പറഞ്ഞു. ഇന്റർവ്യൂ തുടങ്ങി. ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞു. അതിലൊന്ന് അൻവറിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ടായിരുന്നു. അത് താൻ വിശദമായി പറഞ്ഞുകഴിഞ്ഞതാണെന്നും വീണ്ടും ആവർത്തിക്കുന്നില്ലെന്നും സമയമില്ലെന്നും പറഞ്ഞു'.

'പക്ഷേ, ഇന്റർവ്യൂ പ്രസിദ്ധീകരിച്ചുവന്നപ്പോൾ അതിൽ താൻ പറയാത്ത കാര്യങ്ങളുമുണ്ടായിരുന്നു. തന്നോട് ചോദിച്ചതിനൊക്കെ കൃത്യമായി ഉത്തരം പറഞ്ഞതാണ്. നിങ്ങൾക്കറിയാമല്ലോ എന്റെ നിലപാടുകൾ. ഏതെങ്കിലുമൊരു ജില്ലയെയോ വിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതുപ്രവർത്തനജീവിതത്തിൽ കാണാനാവില്ല. അങ്ങനൊന്ന് എന്റെ ഭാഗത്തുനിന്നുണ്ടാവില്ല'.

'പക്ഷേ ആ പരാമർശങ്ങൾ എന്റേതായിട്ട് എങ്ങനെ കൊടുക്കാൻ കഴിഞ്ഞുവെന്ന് മനസിലാവുന്നില്ല. അതിൽ അവരുടെ വിശദീകരണം വന്നിട്ടുണ്ട്. പക്ഷേ, ഞാനോ സർക്കാരോ ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല. പിആർ ഏജൻസിക്കായി ഒരു പൈസയും ചെലവഴിച്ചിട്ടുമില്ല. ദേവകുമാറിന്റെ മകൻ രാഷ്ട്രീയമായി ചെറുപ്പം മുതലേ ഞങ്ങളുടെ കൂടെനിൽക്കുന്നയാളാണ്. കൃത്യമായ രാഷ്ട്രീയനിലപാടുള്ളയാളാണ്. ദേവകുമാറും ഞങ്ങളും തമ്മിലുള്ള ബന്ധവും എല്ലാവർക്കും അറിയാമല്ലോ. അതിന്റെ ഭാഗമായി അയാൾ ഇങ്ങനെ പറഞ്ഞപ്പോൾ ഒരു ഇന്റർവ്യൂ ആകാമെന്ന് സമ്മതിച്ചു എന്നുമാത്രം. മറ്റു കാര്യങ്ങൾ അവർ തമ്മിൽ തീരുമാനിക്കേണ്ട കാര്യമാണ്. തനിക്കറിയില്ല'- മുഖ്യമന്ത്രി വിശദമാക്കി.

Similar Posts