'മുഖ്യമന്ത്രിക്ക് നേരത്തെ കറുപ്പായിരുന്നു പേടി'; കാക്ക പോലും പേടിച്ചായിരുന്നു പറന്നിരുന്നതെന്ന് വി.ഡി സതീശൻ
|കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട വിഹിതം കിട്ടാത്തത് ആരുടെ പിടിപ്പ്‌കേട് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പപരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിക്ക് നേരത്തെ കറുപ്പായിരുന്നു പേടി. അന്ന് കാക്ക പോലും പേടിച്ചായിരുന്നു പറന്നിരുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. നികുതി വർധനവിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തുന്ന രാപ്പകൽ സമരത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം.
മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച പ്രതിപക്ഷ നേതാവ് ധനമന്ത്രി കെ.എൻ ബാലഗോപാലിനെയും വെറുതെ വിട്ടില്ല. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച ശേഷം ജനങ്ങൾക്കിടിയിൽ ബുദ്ധിമുട്ടുണ്ടായി. സാധാരണക്കാരന്റെ തലയിൽ ഇരുമ്പുകുടംകൊണ്ട് അടിക്കുന്ന രീതിയിലാണ് ബജറ്റ്. നികുതി പിരിച്ചെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും വി.ഡി സതീശൻ പ്രതികരിച്ചു.
ധനവകുപ്പും സർക്കാരും ഒന്നടങ്കം വൻ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട വിഹിതം കിട്ടാത്തത് ആരുടെ പിടിപ്പ്‌കേട് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരു വർഷം 5000 കോടി രൂപ കിട്ടേണ്ടതാണ്. മര്യാദക്ക് ഡോക്യുമെന്റ്‌സ് നൽകാത്ത കാരണം എത്ര കോടി രൂപയാണ് സർക്കാർ നഷ്ടപ്പെടുത്തിയതെന്നും ഇതിന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.
യു.ഡി.എഫ് സർക്കാരിന്റെ കാലത്തെക്കാൾ കൂടുതലാണ് എൽ.ഡി.എഫ് സർക്കാരിന് കേന്ദ്രത്തിൽ നിന്ന് റവന്യു കമ്മി ഇനത്തിൽ കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ എംപി പാർലമെന്റിൽ ഉന്നയിച്ച കാര്യം ശരിയാണെന്ന് വ്യക്തമാക്കിയ വി.ഡി സതീശൻ അദ്ദേഹത്തിന്റെ മൂന്ന് ചോദ്യങ്ങളിലും തെറ്റില്ലെന്നും വ്യക്തമാക്കി. സർക്കാരിന്റെ കെടുകാര്യസ്ഥത മറ്റുള്ളവരുടെ മേൽ കെട്ടിവക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കറുപ്പിനെ പേടിച്ച മുഖ്യമന്ത്രി അത് മാറി ഖദർ പേടിക്കുകയാണ്.കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയ സംഭവത്തിലും യുവതിയെ പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തിലും പ്രതിപക്ഷ നേതാവ് രൂക്ഷമായി പ്രതികരിച്ചു. സ്ത്രീകൾക്ക് നേരെ പുരുഷ പൊലീസുകാർ കൈവച്ചാൽ ഇനി നോക്കി നിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'വികൃതമായ മുഖമാണ് കേരള സർക്കാരിനുള്ളത്, പോക്കറ്റ് വലിച്ചു കീറി കൊള്ളയടിക്കുകയാണ് സർക്കാർ, നികുതി കൊള്ള സർക്കാർ പിൻവലിക്കണം''- പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.