'അടിച്ചാൽ തിരിച്ചടിക്കും, എന്റെ കുട്ടികളുടെ കൂടെ ഞാനും ജയിലിൽ പോയി കിടക്കും': വി.ഡി സതീശൻ
|സർക്കാർ പ്രതിസന്ധിയിലായപ്പോൾ ഗവർണരും മുഖ്യമന്ത്രിയും നടത്തിയ നാടകമാണ് കാലിക്കറ്റ് സർവകലാശാലയിൽ കണ്ടതെന്നും സതീശൻ പറഞ്ഞു
തിരുവനന്തപുരം: നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഉണ്ടായ എല്ലാ അക്രമങ്ങൾക്കും കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജീവൻ രക്ഷാ പ്രവർത്തനം എന്ന് പറഞ്ഞു മുഖ്യമന്ത്രി അക്രമങ്ങൾക്ക് ആഹ്വാനം നൽകി. താൻ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന് മുഖ്യമന്ത്രി പറഞ്ഞത് തമാശയാണ്. എന്റെ കുട്ടികളെ ജയിലിൽ അടച്ചാൽ ഞാനും അവരോടൊപ്പം ജയിലിൽ ഉണ്ടാകും. സർക്കാർ പ്രതിസന്ധിയിലായപ്പോൾ ഗവർണരും മുഖ്യമന്ത്രിയും നടത്തിയ നാടകമാണ് കാലിക്കറ്റ് സർവകലാശാലയിൽ കണ്ടതെന്നും സതീശൻ കോഴിക്കോട്ട് പറഞ്ഞു.
'അറിയപ്പെടുന്ന ഗുണ്ടകളെ കൂടെ കൊണ്ടുനടന്നാണ് ആക്രമണം അഴിച്ചുവിട്ടത്. സഹികെട്ടിട്ടാണ് അടിച്ചാൽ തിരിച്ചടിക്കും എന്ന് പറഞ്ഞത്. എസ്.എഫ്.ഐക്കാരോട് ഒരു സമീപനവും കെ.എസ്.യുക്കാരോട് മറ്റൊന്നുമാണ്. ഗവർണറുടെ വാഹനത്തിന് മുൻപിലേക്ക് എസ്.എഫ്.ഐക്കാർ ചാടിയപ്പോൾ ആരും ജീവൻ രക്ഷാപ്രവർത്തനത്തിന് പോയില്ല. അടിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും.കേസെടുത്ത് പേടിപ്പിക്കാം എന്ന് കരുതിയോ? എന്റെ കുട്ടികളെ ജയിലിൽ അടച്ചാൽ ഞാനും അവരോടൊപ്പം ജയിലിൽ ഉണ്ടാകും..' സതീശൻ പറഞ്ഞു.
'സർക്കാർ പ്രതിസന്ധിയിലായപ്പോൾ ഗവർണരും മുഖ്യമന്ത്രിയും നടത്തിയ നാടകമാണ് കാലിക്കറ്റ് സർവകലാശാലയിൽ കണ്ടത്. മുഖ്യമന്ത്രിയുടെ തോക്ക് കഥയ്ക്ക് ഒരു തെളിവുമില്ല. മാസപ്പടി വിവാദം വന്നപ്പോൾ റിയാസിന്റെ നാവ് ഉപ്പിലിട്ട് വച്ചിരിക്കുകയായിരുന്നു. ഇപ്പോൾ റെഡിയായതിൽ സന്തോഷമുണ്ട്...'അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ എസ്‌കോർട് പോയ പലരും ലഹരി മാഫിയയിൽപെട്ടവരും ഗുണ്ടകളുമാണെന്നും നവകേരള സദസ്സ് നടക്കുന്നത് ബി.ജെ.പി പിന്തുണയോടെയാണെന്നും സതീശൻ ആരോപിച്ചു.
സി.പി.എമ്മിന് വേണ്ടി പണിയെടുക്കുന്ന പൊലീസുകാർ കാക്കി അഴിച്ചുവെച്ച് പുറത്തുപോകണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. ഗവർണർ പോയതുപോലെ ഭാര്യാപിതാവിനെ ഒറ്റയ്ക്ക് വിടാൻ മന്ത്രി റിയാസിന് ധൈര്യമുണ്ടോയെന്ന് കുഴൽ നാടൻ വെല്ലുവിളിച്ചു.