കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും; ബഹിഷ്കരിക്കാന്‍ പ്രതിപക്ഷം
|കുറഞ്ഞ ചിലവില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ മുപ്പതിനായിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പതിനാലായിരം വീടുകളിലും സേവനം ലഭ്യമാകും. ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനാണ് യുഡിഎഫ് തീരുമാനം.
കുറഞ്ഞ ചിലവില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികപ്രകാരം ഒരു നിയമസഭ മണ്ഡലത്തിലെ നൂറ് വീടുകളില്‍ ആണ് കെ ഫോണ്‍ ആദ്യഘട്ടത്തില്‍ നല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായി കണക്ഷന് നല്‍കും. കൊച്ചി ഇന്‍ഫോ പാര്‍ക്കിലാണ് കെ ഫോണിന്റെ ഓപ്പേററ്റിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടരലക്ഷം വാണിജ്യ കണക്ഷന് നല്കി പദ്ധതി ലാഭത്തിലാക്കാനാകുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി കെ ഫോണ്‍ പദ്ധതി നാടിന് സമര്‍പ്പിക്കും. കെ ഫോണ്‍ ഉപഭോക്താക്കളുമായി ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി സംവദിക്കും. സംസ്ഥാനതല ഉദ്ഘാടനത്തിനോടൊപ്പം മണ്ഡലാടിസ്ഥാനത്തിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കെ ഫോണിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനാണ് യുഡിഎഫ് തീരുമാനം. എംഎല്‍എമാരോടും എംപിമാരോടും തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളോടും പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.