Kerala
അധർമങ്ങൾക്കെതിരെ പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
Kerala

'അധർമങ്ങൾക്കെതിരെ പൊരുതാനുള്ള പ്രചോദനമാവട്ടെ'; ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Web Desk
|
18 Aug 2022 4:59 AM GMT

  • കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധർമ്മങ്ങൾക്കെതിരായ ധർമ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കൽപ്പത്തെ കാണുന്നത്. എല്ലാവിധ അധർമങ്ങൾക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ എന്നും മുഖ്യന്ത്രി ആശംസിച്ചു. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്ത ജനതിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇന്നലെ അർധരാത്രി മുതൽ ദർശനത്തിനായി ആയിരക്കണക്കിന് ആളുകൾ ക്ഷേത്രത്തിൽ എത്തി. ഉറിയടിയും ശോഭ യാത്രയും ഉൾപ്പടെയുള്ള പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. പുലർച്ചെ നാലു മണി മുതൽ ഗുരുവായൂർക്ഷേത്രത്തിൽ ദർശനം ആരംഭിച്ചു. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി ഭക്തർ ഇന്നലെ മുതൽ തന്നെ ക്ഷേത്രത്തിൽ എത്തിയിരുന്നു.

മുപ്പതിനായിരം പേർക്ക് ക്ഷേത്രത്തിൽ പിറന്നാൾ സദ്യയും ഒരുക്കിയിരുന്നു. ചരിത്രത്തിൽ ആദ്യമായി ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം ബാലകൃഷ്ണൻ എന്ന മോഴ ആനയാണ് എഴുന്നള്ളിച്ചത്. ആഘോഷ പരിപാടികളുടെ ഭാഗമായി സമീപ ക്ഷേത്രങ്ങളിലും പൗര സമിതികളുടെ നേതൃത്വത്തിലും ശോഭ യാത്രകൾ, കലാപരിപാടികൾ എന്നിവയും നടന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

അധർമ്മങ്ങൾക്കെതിരായ ധർമ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കൽപ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാൾ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവിധ അധർമങ്ങൾക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ. എല്ലാവർക്കും ആശംസകൾ.


Similar Posts