'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ടാണ്, സംഭാവന ചെയ്യണം': പികെ കുഞ്ഞാലിക്കുട്ടി
|മുഖ്യമന്ത്രിയും സർക്കാറും എടുക്കുന്ന ഇനീഷ്യേറ്റീവിന് പ്രതിപക്ഷം പൊതുവിൽ പിന്തുണ കൊടുക്കും
മലപ്പുറം: സർക്കാറിന്റെ കോവിഡ് പ്രവർത്തനങ്ങളിൽ പ്രതിപക്ഷം പൂർണമായി സഹകരിക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
'വലിയ തോതില്‍ പ്രതിദിന ടെസ്റ്റ് പോസിറ്റീകുന്ന ഘട്ടത്തിൽ സർക്കാർ സന്ദർഭത്തിന് അനുസരിച്ച് ഉണർന്നു പ്രവർത്തിക്കണം. ഇതിനെ ശരിയായ രീതിയിൽ മാനേജ് ചെയ്യണം. ഡിസ്ട്രിബ്യൂഷൻ ശരിക്ക് നടത്തണം. അതിന് പ്രതിപക്ഷത്തിന്റെ എല്ലാവിധ സഹകരണവും ഉണ്ടാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ടാണ്. അതിലേക്ക് ആർക്കുവേണമെങ്കിലും സംഭാവന ചെയ്യാം. അതിലാർക്കും എതിർപ്പില്ല. നാളെ വേറൊരു മുഖ്യമന്ത്രി വന്നാൽ ആ ഫണ്ട് ആ മുഖ്യമന്ത്രിയുടേതാണ്. മുഖ്യമന്ത്രിയും സർക്കാറും എടുക്കുന്ന ഇനീഷ്യേറ്റീവിന് പ്രതിപക്ഷം പൊതുവിൽ പിന്തുണ കൊടുക്കും. അതാണ് ഞങ്ങളുടെ തീരുമാനം' - കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. 'കേന്ദ്രം ആദ്യം ശ്രദ്ധിച്ചത് പേരെടുക്കാനാണ്. അങ്ങനെ പേരെടുക്കൽ അല്ലല്ലോ. അവനവന്റെ പൗരന്മാരെ നോക്കിട്ടല്ലേ പേരെടുക്കൽ. മറ്റുരാജ്യങ്ങൾ ആദ്യം നോക്കിയത് അവരവരുടെ കാര്യമാണ്. അങ്ങനെ വാക്‌സിൻ പരമാവധി തങ്ങളുടെ രാജ്യത്ത് ലഭ്യമാക്കാനാണ് അവർ ശ്രദ്ധിച്ചത്. അക്കാര്യത്തിൽ കേന്ദ്രസർക്കാറിന് ഒരുപാട് വീഴ്ച പറ്റി. അതിന്റെ പരിണിതഫലമാണ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്നത്' - കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.