മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകി ലോകായുക്ത
|മന്ത്രിസഭ അഴിമതിയും പക്ഷപാതവും നടത്തിയിട്ടില്ലെന്നും ഫണ്ട് നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ലോകായുക്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലീൻചീട്ട് നൽകി ലോകായുക്ത വിധി. മന്ത്രി സഭ അഴിമതിയും സ്വജന പക്ഷപാതവും ചട്ടലംഘനവും നടത്തിയെന്നാണ് ആർ.എസ് ശശികുമാർ അഞ്ചുവർഷം മുമ്പ് നൽകിയ പരാതി. എന്നാൽ മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായി കണ്ടെത്തുന്നില്ല. ഫണ്ട് നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. മുന്ന് ലക്ഷത്തിന് മുകളിൽ നൽകിയിപ്പോൾ മന്ത്രിസഭ അധികാരം നൽകിയിട്ടുണ്ട് ഇതിലൂടെ ചട്ടം പാലിച്ചിട്ടുണ്ടെന്നും ലോകായുക്ത പറഞ്ഞു. സെക്ഷൻ 14 ( ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ) പ്രകാരം ഡിക്ലറേഷൻ നൽകാൻ തെളിവില്ലെന്നും ലോകായുക്താ കൂട്ടിച്ചേർത്തു.
അതേസമയം നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ക്യാബിറ്റ് നോട്ട് ഇല്ലാതെ തിടുക്കപ്പെട്ട് സഹായം നൽകിയത് ശരിയായില്ല ലോകായുക്ത വ്യക്തമാക്കി. പരാതി ലോകായുക്തയുടെ നിയമ പരിധിക്ക് പുറത്താണെന്നും മന്ത്രിസഭ തീരുമാനം പരിശോധിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടെന്നും ലോകായുക്ത സിറിയക് ജോസഫ് പറഞ്ഞു. ഹരജിക്കാരന്റെ വാദമുഖങ്ങൾ രണ്ട് ഉപലോകായുക്തമാരും തള്ളി. ഇതോടുകൂടി സർക്കാരിന് പൂർണ്ണമായ ആശ്വാസമാണ് ലഭിക്കുന്നത്. അഞ്ച് വർഷത്തെ നിയമപരിശോധനക്ക് ശേഷമാണ് കേസിൽ ലോകായുക്ത ഫുൾബെഞ്ച് ഇന്ന് വിധി പറഞ്ഞത്. 2018-ൽ ആരംഭിച്ച കേസിൽ കഴിഞ്ഞ മാർച്ച് 31ന് രണ്ടംഗ ബഞ്ചിൻറെ ഭിന്നവിധി വന്നിരുന്നു. ഇതോടെയാണ് മൂന്നംഗബഞ്ച് വാദം കേട്ട് അന്തിമ വിധിയിൽ എത്തിയിരിക്കുന്നത്.
എൻ.സി.പിയുടെ അന്തരിച്ച നേതാവ് ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകാൻ 2017 ജൂലൈയിൽ എടുത്ത മന്ത്രിസഭ തീരുമാനം, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടെ അന്തരിച്ച പൊലീസുകാരൻ പ്രവീണിൻറെ കുടംബത്തിന് 20 ലക്ഷം രൂപ കൊടുക്കാൻ 2017 ഒക്ടോബർ പത്തിനുള്ള മന്ത്രിസഭ തീരുമാനം ,സി.പി.എം മുൻ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും എഞ്ചിനീയറിങ് ബിരുദധാരിയായ മകന് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയും നൽകാൻ 2018 ജനുവരി 24 നുള്ള മന്ത്രിസഭ തീരുമാനം. ഇതെല്ലാം മാനദണ്ഡങ്ങൾ മറികടന്നാണെന്നാണ് പരാതിക്കാരനായ ആർ.എസ് ശശികുമാർ 2018 സെപ്തംബർ 27ന് ലോകായുക്തയിൽ നൽകിയ ഹരജിയിൽ പറയുന്നത്.
ഇതിൽ പ്രാഥമിക വാദം കേട്ട ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് അധ്യക്ഷനായ ഫുൾ ബഞ്ച് പരാതിയിൽ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും വിധിച്ചു. 2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയിൽ വാദം ആരംഭിച്ചു. ഇതിനിടെ ലോകായുക്ത പയസ് സി. കുര്യാക്കോസ് മാറി ജസ്റ്റിസ് സിറിയക് ജോസഫ് ചുമതയേറ്റു. 2022 മാർച്ച് 18 ന് ഹരജിയിൽ വാദം പൂർത്തിയായി വിധി പറയാനായി മാറ്റി. വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രഖ്യാപിക്കാത്തതിനെതിരെ ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു.
തുടർന്ന് 2023 മാർച്ച് 31ന് ലോകായുക്തയുടെ രണ്ടംഗ ബഞ്ച് വിധി പറഞ്ഞു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ,ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് എന്നിവർക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടായതോടെ ഹരജി മൂന്നംഗ ബഞ്ചിന് വിട്ടു. ഇതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചെങ്കിൽ ഹരജി തള്ളി. ഇതിന് ശേഷം ലോകായുക്ത ഫുൾ ബഞ്ചിൽ വിശദവാദം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് ഇന്ന് വിധി പറയുന്നത്.