Kerala
Letter War; Chief Ministers reply to the Governor explaining the measures taken by the Government, latest news malayalam, കത്ത് യുദ്ധം; സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഗ‌വർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി
Kerala

'കത്ത് യുദ്ധം'; സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഗ‌വർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

Web Desk
|
8 Oct 2024 3:21 PM GMT

മലപ്പുറം പരാമർശത്തിൽ ഗവർണർ രൂക്ഷമായ ഭാഷയിലയച്ച കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം

തിരുവനന്തപുരം: രൂക്ഷമായ ഭാഷയിൽ കത്തയച്ച ​ഗ‌വർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി. വിവിധ ആരോപണങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു കൊണ്ടാണ് ഗവർണക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്. ഫോൺ ചോർത്തൽ ആരോപണത്തിൽ സർക്കാർ അന്വേഷണം നടത്തി വരികയാണെന്നും പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ അടക്കം സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി. മലപ്പുറം പരാമർശത്തിൽ ഗവർണർ രൂക്ഷമായ ഭാഷയിലയച്ച കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

അൻവറിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുകയാണ്. ടെലഫോൺ സംഭാഷണങ്ങൾ ചോർത്തുന്നില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ട്. നിയമവിരുദ്ധമായ ഒരു പ്രവർത്തനവും സർക്കാർ വെച്ചുപൊറുപ്പിക്കില്ല. നിയമത്തിന്റെ കയ്യിൽ നിന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ആരും രക്ഷപ്പെടില്ല തുടങ്ങിയ വിശദീകരണങ്ങളും അവകാശവാദങ്ങളോടെയുമാണ് മുഖ്യമന്ത്രി ​ഗവർണർക്ക് മറുപടി നൽകിയത്.

സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്നും മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും വിമർശിച്ചു കൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കത്തെഴുതിയത്. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കാര്യങ്ങൾ വിശദീകരിക്കാത്തത് ചട്ടലംഘനമായി കണക്കാക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു.

വിവാദമായ മലപ്പുറം കള്ളക്കടത്ത് പരാമർശത്തിൽ വിശദീകരണം തേടി ​ഗവർണർ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം നേരിട്ടെത്തി വിശദീകരണം നൽകാനാണു നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഹാജരായി വിശദീകരണം നൽകണമെന്ന ഗവർണറുടെ നിർദേശം സർക്കാർ തള്ളുകയും ​ഗവർണർക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഗവർണറുടെ നടപടി ഭരണഘടനാപരമായി തെറ്റാ​ണെന്നായിരുന്നു സർക്കാറിന്റെ വാദം.

Similar Posts