വിവാദങ്ങൾക്കിടെ ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി; ഗവർണറുമായി കൂടിക്കാഴ്ച നടത്തും
|ഗവർണറുടെ അസാധാരണ വാർത്താസമ്മേളനം ഇന്ന് 11.45ന്
തിരുവനന്തപുരം: വാർത്താസമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ ചീഫ് സെക്രട്ടറി വി.പി ജോയി രാജ്ഭവനിലെത്തി. ലഹരിക്കെതിരായ പ്രചാരണത്തിന് ക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് വിശദീകരണം. അതേസമയം സർക്കാരിനെതിരായ ഗവർണറുടെ അസാധാരണ വാർത്താസമ്മേളനം ഇന്ന് 11.45നാണ് നടക്കുക. സർവകലാശാലകളിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചെഴുതിയ കത്തും ചരിത്ര കോൺഗ്രസിലെ സുരക്ഷാ വീഴ്ചയുടെ ദൃശ്യങ്ങളും ഗവർണർ പുറത്തുവിടും.
കത്തുകളിലൂടെ സർവകലാശാലകളിൽ സർക്കാർ ഇടപെടലുകളുണ്ടെന്ന് ജനങ്ങൾ മനസിലാക്കട്ടെയെന്നതാണ് ഗവർണറുടെ നിലപാട്. എന്നാൽ മുഖ്യമന്ത്രി തന്നോട് പല ആനുകൂല്യങ്ങളും തേടിയിട്ടുണ്ടെന്നും അതൊന്നും പുറത്ത് വിടില്ലെന്നും ഗവർണർ ഇതിനൊപ്പം തന്നെ പറഞ്ഞ് വെക്കുന്നുണ്ട്. അതായത് പുറത്ത് വിടുന്നതിനപ്പുറം പലതുമുണ്ടെന്ന് മുഖ്യമന്ത്രിക്കും സർക്കാരിനും മുന്നറിയിപ്പ് നൽകുകയാണ് ഗവർണർ. ഗവർണർ പുറത്ത് വിടുന്ന ദൃശ്യങ്ങളിൽ ചരിത്ര കോൺഗ്രസിലെ പ്രതിഷേധവും ഉൾപ്പെടും. പ്രതിഷേധം തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ചിലർ വിലക്കുന്നതാണിതെന്ന സൂചനയാണ് ലഭിക്കുന്നത്.
പക്ഷേ ഗവർണറുടെ മുന്നറിയിപ്പിനും ഭീഷണിക്കും വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാരും സിപിഎമ്മും. രാഷ്ട്രീയമായി തന്നെ മറുപടി നൽകുന്നത് തുടരും. മുഖ്യമന്ത്രിക്ക് നിയമത്തിൻറെ ബാലപാഠം അറിയില്ലെയെന്ന ഗവർണറുടെ ചോദ്യം കൂടുതൽ പ്രകോപനമായി സർക്കാരും കാണുന്നു. ബില്ലുകൾക്ക് അംഗീകാരം നൽകിയില്ലെങ്കിൽ നിയമ പോരാട്ടം തന്നെയെന്ന് സർക്കാർ ഉറപ്പിച്ചു കഴിഞ്ഞു.
ഗവർണർ പുറത്ത് വിടുന്ന കത്തിലെ ഉള്ളടക്കം എന്താകുമെന്ന ആകാക്ഷയിലാണ് രാഷ്ട്രീയ കേരളം. ഉള്ളടക്കം എന്തായാലും പുതിയ പോരിനുള്ള ആയുധമായി കത്ത് മാറും. സർക്കാരിനെതിരെ ഗവർണർ വാർത്താ സമ്മേളനം വിളിക്കുന്ന അസാധാരണമായ നീക്കത്തിനും കൂടിയാണ് സാക്ഷ്യം വഹിക്കുക.