ചീഫ് സെക്രട്ടറി വി.പി ജോയിയും ഡി.ജി.പി അനിൽകാന്തും ഇന്ന് വിരമിക്കും
|സംസ്ഥാനത്തിന്റെ 48-ാം ചീഫ് സെക്രട്ടറിയായി വി. വേണുവും പുതിയ പൊലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബും ഇന്ന് വൈകിട്ട് ചുമതലയേൽക്കും.
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വി.പി ജോയിയും പൊലീസ് മേധാവി സ്ഥാനത്തുനിന്ന് അനിൽകാന്തും ഇന്ന് വിരമിക്കും. പൊലീസ് ആസ്ഥാനത്ത് അനിൽകാന്തിന് ഔദ്യോഗിക യാത്രയയപ്പ് നൽകും. പുതിയ ചീഫ് സെക്രട്ടറിയായി വി. വേണുവും പൊലീസ് തലപ്പത്ത് ഷേയ്ഖ് ദർവേഷ് സാഹിബും ഇന്ന് വൈകിട്ട് ചുമതലയേറ്റെടുക്കും.
ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന വി.പി ജോയിയുടെയും പൊലീസ് തലപ്പത്ത് നിന്ന് പടിയിറങ്ങുന്ന അനിൽകാന്തിന്റെയും യാത്രയയപ്പ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം ദർബാർ ഹാളിലാണ് ചടങ്ങുകൾ. 2021ലാണ് വി.പി ജോയ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്കും അനിൽകാന്ത് പൊലീസ് മേധാവി സ്ഥാനത്തേക്കും എത്തിയത്. 1987ലെ ബാച്ച് ഉദ്യോഗസ്ഥനാണ് വി പി ജോയ്. 1988 ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അനിൽകാന്ത്.
റോഡ് സുരക്ഷാ കമ്മീഷണറായിരിക്കെയാണ് അനിൽകാന്ത് പൊലീസ് മേധാവിയായത്. വയനാട് എ.എസ്.പിയായി ഔദ്യോഗിക ജീവിതമാരംഭിച്ച അനിൽകാന്ത് വിവിധയിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിലും പൊലീസ് ട്രെയിനിങ് കോളജിലും സ്‌പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, ഫയർഫോഴ്‌സ്, ജയിൽ, വിജിലൻസ് തുടങ്ങി മേഖലകളിലും പ്രവർത്തിച്ചു. രണ്ട് വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം വിരമിക്കുന്ന അനിൽകാന്തിന് പൊലീസ് സേന ഇന്ന് ഔദ്യോഗിക യാത്രയയപ്പ് നൽകും. എസ്.എ.പി പൊലീസ് ഗ്രൗണ്ടിൽ രാവിലെയും പൊലീസ് ആസ്ഥാനത്ത് ഉച്ചയ്ക്ക് പന്ത്രണ്ടര്ക്കുമാണ് വിരമിക്കൽ പരേഡ്. സംസ്ഥാനത്തിന്റെ 48-ാം ചീഫ് സെക്രട്ടറിയായി വി. വേണുവും പുതിയ പൊലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബും ഇന്ന് വൈകിട്ട് ചുമതലയേൽക്കും.