സർക്കാറും പ്രതിപക്ഷവും വിട്ടുനിന്നു; ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത് ചീഫ് സെക്രട്ടറി വി.പി ജോയ്
|മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും വിരുന്നിൽ പങ്കെടുക്കേണ്ടെന്നാണ് സർക്കാർ തീരുമാനം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത് ചീഫ് സെക്രട്ടറി വി.പി ജോയ്. സർക്കാറും പ്രതിപക്ഷവും വിട്ടുനിന്ന ചടങ്ങിലാണ് ചീഫ് സെക്രട്ടറി പങ്കെടുത്തത്. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതി ലാലും ചടങ്ങിനെത്തി. രാജ്ഭവനിൽ ആരംഭിച്ച ചടങ്ങിൽ കർദിനാൾ ബസലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ജോസഫ് മാർ ഗ്രിഗറിയോസ്, ആർച്ച്ബിഷപ്പ് തോമസ് ജെ നെറ്റോ, മാത്യൂസ് മാർ സിൽവാനോസ് എന്നിവർ ചേർന്ന് കേക്കു മുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും വിരുന്നിൽ പങ്കെടുക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. കൊല്ലത്ത് നേരത്തെ നിശ്ചയിച്ച ഔദ്യോഗിക പരിപാടികൾ ഉള്ളതിനാലാണ് വിട്ടു നിൽക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീറും അറിയിച്ചു. ഡൽഹിയിൽ ആയതിനാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കെടുക്കുന്നില്ല. ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും വിട്ടു നിൽക്കുകയാണ്.
ഗവർണർ തുടർച്ചയായി സർക്കാറിനെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് വിരുന്നിന് പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കൂടി അഭിപ്രായം പരിഗണിച്ചാണ് തീരുമാനം. ഗവർണരുടെ ക്ഷണം സ്വീകരിച്ചു ചടങ്ങിനു പോയാൽ ഒത്തുതീർപ്പുണ്ടാക്കി എന്ന പ്രചാരണം പ്രതിപക്ഷം നടത്തുമോ എന്ന ആശങ്കയും സർക്കാരിനുണ്ടായിരുന്നു. കഴിഞ്ഞ തവണ മത മേലാധ്യക്ഷന്മാർക്ക് മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്.