കാലവർഷക്കെടുതി: അവശ്യസർവീസ് ജീവനക്കാരെ സജ്ജരാക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദേശം
|വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുകയും വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ അവശ്യസർവീസ് ജീവനക്കാരെ സജ്ജരാക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊലീസ്, ഫയർ ആൻഡ് സേഫ്റ്റി, റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീർഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. ഈ ജീവനക്കാരെ ഏതു തരത്തിലുള്ള പ്രകൃതിക്ഷോഭ ദുരന്ത സാഹചര്യങ്ങളും നേരിടുന്നതിന് സജ്ജരാക്കി നിർത്തുന്നതിന് എല്ലാ വകുപ്പ് മേധാവികൾക്കും ജില്ലാ കലക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത മുൻനിർത്തി ഏതുതരത്തിലുള്ള ദുരന്തസാഹചര്യങ്ങളെയും നേരിടുന്നതിന് സംസ്ഥാനം തയ്യാറാകുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ 84 പേർ മരിച്ചതായാണ് ഏറ്റവും അവസാനം പുറത്തുവന്ന വിവരം. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.