Kerala
പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം: ആശുപത്രിയുടെ ഭാഗത്ത് പിഴവില്ലെന്ന് കെജിഎംഒഎ
Kerala

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം: ആശുപത്രിയുടെ ഭാഗത്ത് പിഴവില്ലെന്ന് കെജിഎംഒഎ

Web Desk
|
6 Sep 2022 12:55 PM GMT

പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഭാഗത്തുനിന്നോ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നോ ഇക്കാര്യത്തിൽ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്ന്‌ കെജിഎംഒഎ വാർത്താക്കുറിപ്പിൽ പറഞ്ഞു.

തിരുവനന്തപുരം: പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് പിഴവില്ലെന്ന് കെജിഎംഒഎ. കൃത്യമായ ചികിത്സ ലഭ്യമാക്കിയതിന് ശേഷവും സംഭവിക്കാൻ സാധ്യതയുള്ള അപൂർവം സാഹചര്യങ്ങളിൽ ഒന്നാണ് സംഭവിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഭാഗത്തുനിന്നോ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നോ ഇക്കാര്യത്തിൽ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നും കെജിഎംഒഎ വാർത്താക്കുറിപ്പിൽ പറഞ്ഞു.

വാർത്താക്കുറിപ്പിന്റെ പൂർണരൂപം:

പേവിഷബാധയെ തുടർന്ന് പത്തനംതിട്ടയിൽ കുട്ടിയുടെ ജീവൻ നഷ്ടമായത് അത്യന്തം ദൗർഭാഗ്യകരവും വേദനാജനകവും ആണ്. ആ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ കേരളത്തിലെ ഓരോ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പങ്കുചേരുന്നു.

പേവിഷബാധയേറ്റ് പത്തനംതിട്ടയിൽ കുട്ടി മരിക്കാൻ ഇടയായ സംഭവത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രി അധികൃത ഭാഗത്തുനിന്നും അനാസ്ഥയും ചികിത്സാ പിഴവും ഉണ്ടായി എന്ന തരത്തിൽ ആരോപണം ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. കൃത്യമായ ചികിത്സ ലഭ്യമാക്കിയതിനു ശേഷവും സംഭവിക്കാൻ സാധ്യതയുള്ള അപൂർവ്വം സാഹചര്യങ്ങളിൽ ഒന്നായിരുന്നു അത്.

ഈ സംഭവത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള വീഴ്ചയോ പിഴവോ ഉണ്ടായിട്ടില്ല എന്ന വസ്തുത ജനങ്ങളെ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.

പതിമൂന്നാം തീയതി രാവിലെ പട്ടിയുടെ കടിയേറ്റ കുട്ടിയെ ഏകദേശം ഒൻപത് മണിയോട് കൂടി ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയതിനു ശേഷം കുട്ടിക്ക് വേണ്ട എല്ലാവിധ പ്രതിരോധ ചികിത്സാ നടപടികളും താമസം വിന ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രിയിൽ എത്തിയ ഉടനെ മുറിവുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിക്കുകയും പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുകയും ചെയ്തു. പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പും മുറിവിന് ചുറ്റും നൽകുന്ന ഇമ്മ്യൂണോഗ്ലോബുലിനും ആശുപത്രിയിൽ ലഭ്യമായിരുന്നതുകൊണ്ട് ഉടനെ തന്നെ നൽകുവാൻ സാധിച്ചിട്ടുണ്ട്. കണ്ണിലും കൺപോളകളിലും ഉള്ള മുറിവുകൾ യഥാസമയം നേത്രരോഗ വിദഗ്ധർ കണ്ടു വിദഗ്ധ ചികിത്സ നൽകുകയും മുറിവുകളുടെ കാഠിന്യം നിമിത്തം രോഗാണുബാധ തടയുന്നതിന് ആശുപത്രിയിൽ മൂന്ന് ദിവസം കിടത്തി ആന്റിബയോട്ടിക്ക് ഇഞ്ചക്ഷനുകൾ നൽകുകയും ചെയ്തിട്ടുണ്ട്. മുറിവുകളിലെ അണുബാധ കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ കുട്ടിയെ വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്യുകയും തുടർ ചികിത്സക്കായി അടുത്ത ആശുപത്രിയെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. വീടിന് അടുത്തുള്ള ആശുപത്രിയിൽ നിന്നും തുടർ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കുകയും ചെയ്തു.

ഭാരതത്തിലും ലോകത്തിൽ മറ്റെല്ലായിടത്തും ഒരുപോലെ അംഗീകരിക്കപ്പെട്ടിട്ടുള്ള വിദഗ്ധ ചികിത്സാരീതികൾ തന്നെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും ലഭ്യമാക്കിയിട്ടുള്ളത്. പേവിഷ ബാധക്കെതിരെയുള്ള അത്യാധുനിക ശാസ്ത്രീയ ചികിത്സ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 24 മണിക്കൂറും ലഭ്യമാണ്. ശരിയായ ചികിത്സ ലഭ്യമാക്കിയതിനു ശേഷവും കുട്ടിയുടെ ജീവൻ നഷ്ടമായത് അത്യന്തം ദൗർഭാഗ്യകരവും വേദനാജനകവും ആണ്. ഇത്തരം സംഭവങ്ങളിൽ മരണം ഉണ്ടാവുന്നതിൻ്റെ യഥാർത്ഥ കാരണം നാം മനസ്സിലാക്കേണ്ടതുണ്ട്. മുഖത്തും കണ്ണിലും കൺപോളകളിലും ഏറ്റ മാരകമായ മുറിവുകളിലൂടെ രോഗാണുക്കൾ വളരെ വേഗം തലച്ചോറിലേക്ക് പടരുകയും പ്രതിരോധ മരുന്നുകൾക്ക് പ്രവർത്തിക്കാൻ ആകും മുമ്പേ നാഡീവ്യൂഹത്തെ ബാധിക്കുകയും ചെയ്യാം. ഇത് കൊണ്ടായിരിക്കാം രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ആകാതെ വന്നത്. മുറിവുകളുടെ വലിപ്പം, മുറിവേറ്റ ഭാഗത്ത് ഉള്ള നാഡീ ഞരമ്പുകളുടെ സാന്ദ്രത, മുറിവേറ്റ സ്ഥലവും തലച്ചോറും തമ്മിലുള്ള സാമീപ്യം, നേരിട്ട് നാഡികൾക്ക് ഏൽക്കുന്ന മുറിവുകൾ എന്നിവയാണ് പലപ്പോഴും രോഗപ്രതിരോധ മാർഗ്ഗങ്ങളെ തോൽപ്പിച്ച് മാരകമായി തീരാറുള്ളത്.

പേവിഷ ബാധക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന ഐ ഡി ആർ വി കുത്തിവെപ്പിന്റെയും ഇമ്യൂണോഗ്ലോബുലിൻ ചികിത്സയുടെയും ആവിർഭാവത്തെ തുടർന്ന് പേവിഷബാധ വളരെ നല്ല രീതിയിൽ നാം പ്രതിരോധിച്ച് വരികയായിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിൽ ഉണ്ടായ കുറവും വളർത്തു മൃഗങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനയും പേവിഷബാധ മൃഗങ്ങൾക്കിടയിൽ പടർന്നു പിടിക്കുന്നതിന് കാരണമായിട്ടുണ്ട്. വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ എണ്ണം കുറച്ചും പ്രതിരോധ കുത്തിവെപ്പുകളിലൂടെ നായ്ക്കളുടെ ഇടയിൽ രോഗം പടരുന്നത് തടഞ്ഞും മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവർ പ്രതിരോധ കുത്തിവയ്പ് അടക്കം മതിയായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചും രോഗം പടരുന്നത് തടയാനാവും. നായയുടെയോ സസ്തനികളുടെയോ കടിയേൽക്കുകയോ അവയുടെ സ്രവങ്ങൾ ശരീരത്തിലെ മുറിവുകളിലോ മറ്റോ പുരളുകയോ ചെയ്താൽ അടിയന്തരമായി മുറിവേറ്റ ഭാഗം സോപ്പു ഉപയോഗിച്ച് വെള്ളം ഒഴിച്ച് വൃത്തിയായി കഴുകുകയും എത്രയും പെട്ടെന്ന് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തി പ്രതിരോധ ചികിത്സ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. കഴിയുന്നതും വേഗം സംഭവ സ്ഥലത്തു വച്ചു തന്നെ സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ പതിനഞ്ചു മിനിറ്റ് നേരം മുറിവ് കഴുകേണ്ടത് അതിപ്രധാനമാണ്.

പേ വിഷത്തിന് എതിരെയുള്ള പ്രതിരോധ ചികിത്സ (ഐ ഡി ആർ വി) കേരളത്തിലെ എല്ലാ താലൂക്ക് ജില്ലാ ജനറൽ ആശുപത്രികളിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും, തിരഞ്ഞെടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. ഇമ്മ്യൂണോ ഗ്ലോബുലിൻ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും 43 ജില്ല ജനറൽ ആശുപത്രികളിലും ലഭ്യമാണ്. പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുള്ള വളർത്ത മൃഗങ്ങളുടെ കടിയാണ് ഏൽക്കുന്നതെങ്കിൽ തന്നെയും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്. പേവിഷബാധ മാരകമായ രോഗമാണ് എന്ന് നമുക്കറിയാം. അതിനെ പ്രതിരോധിക്കാൻ നമ്മുടെ ശ്രദ്ധയും ജാഗ്രതയും അത്യന്താപേക്ഷിതമാണ്.

വർദ്ധിച്ചുവരുന്ന പേവിഷ ബാധയെ പറ്റി സമഗ്രമായ പഠനത്തിന് ഒരു വിദഗ്ധസമിതിയെ ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ കെ ജി എം ഒ എ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. ആശങ്കാജനകമായ ഈ സാഹചര്യം തടയുന്നതിന് തദ്ദേശ സ്വയംഭരണ, മൃഗ സംരക്ഷണ വകുപ്പുകളുടെ ശക്തമായ ഇടപെടൽ കൂടെയുണ്ടാവേണ്ടതുണ്ട്.

Similar Posts