![Child Rights Commission imposes ban on excursions from tuition classes Child Rights Commission imposes ban on excursions from tuition classes](https://www.mediaoneonline.com/h-upload/2023/08/05/1382331-untitled-1.webp)
ട്യൂഷൻ ക്ലാസ്സുകളിൽ നിന്ന് വിനോദയാത്ര വേണ്ട: നിരോധനം ഏർപ്പെടുത്തി ബാലാവകാശ കമ്മിഷൻ
![](/images/authorplaceholder.jpg?type=1&v=2)
മാർഗനിർദേശങ്ങൾ ലംഘിച്ച് യാത്ര നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി
തിരുവനന്തപുരം: ട്യൂഷൻ സെന്ററുകളിൽ നിന്നുള്ള വിനോദയാത്രകൾക്ക് നിരോധനമേർപ്പെടുത്തി ബാലാവകാശ കമ്മിഷൻ. മാർഗനിർദേശങ്ങൾ ലംഘിച്ച് യാത്ര നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. പരീക്ഷകൾക്ക് മുന്നോടിയായി ട്യൂഷൻ സെന്ററുകൾ നടത്തുന്ന രാത്രികാല ക്ലാസ്സുകൾക്കും വിലക്കുണ്ട്.
വിദ്യാർഥികൾക്ക് വേണ്ടിയുള്ള വിനോദയാത്രകൾക്കായി വിദ്യാഭ്യാസ വകുപ്പ് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ പല ട്യൂഷൻ സെന്ററുകളും ഇത് പാലിക്കുന്നില്ലെന്നാണ് പരാതി. ഭീമമായ തുക വാങ്ങിയും അധ്യാപകർ ഇല്ലാതെയുമാണ് പല ടൂറുകളും നടത്തുന്നതെന്ന് കമ്മിഷൻ വിലയിരുത്തി. സ്‌കൂളുകളിൽ വിനോദയാത്രകളുണ്ടെന്നിരിക്കെ ട്യൂഷൻ സെന്ററുകളിൽ വിദ്യാർഥികളെ വിനോദയാത്രക്ക് നിർബന്ധിക്കരുതെന്ന് ഉത്തരവിൽ പറയുന്നു.
പല ട്യൂഷൻ സെന്ററുകളും ആരാണ് നടത്തുന്നതെന്ന് പോലും അറിയാത്ത സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങളിൽ നിന്നുള്ള യാത്രകൾ പാടില്ല എന്ന് കമ്മിഷൻ അംഗം റെനി ആന്റണി ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ സമ്മർദം വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നൈറ്റ് ക്ലാസ്സുകൾക്ക് നിരോധനമേർപ്പെടുത്തിയത്. ഉത്തരവ് പുറപ്പെടുവിച്ച് 60 ദിവസത്തിനകം നടപടി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.