അർജുന്റെ കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ യൂട്യൂബ് ചാനലിനെതിരെ കേസ്
|പാലക്കാട് സ്വദേശി സിനിൽ ദാസ് നൽകിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി
കോഴിക്കോട്: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മഴവിൽ കേരളം എക്സ്ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസ്. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി. ചാനൽ ഉടമയ്ക്ക് നാളെ നോട്ടീസ് നൽകും. പാലക്കാട് സ്വദേശി സിനിൽ ദാസ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
അങ്കോലയിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി. ശക്തമായ അടിയൊഴുക്കുമൂലമാണ് ഗംഗാവലി പുഴയിലെ തിരച്ചിൽ നിർത്തിയത്. മത്സ്യത്തൊഴിലാളി ഈശ്വർ മാൽപേയുടെ സംഘവും മടങ്ങി. എപ്പോൾ വിളിച്ചാലും തിരച്ചിലിന് സജ്ജമായിരിക്കുമെന്ന് ഈശ്വർ മാൽപേ പറഞ്ഞു.
കാലാവസ്ഥ അനുകൂലമായാൽ ദൗത്യം പുനരാരംഭിക്കുമെന്ന് സ്ഥലം സന്ദർശിച്ച കർണാടക ഫിഷറീസ് മന്ത്രി പറഞ്ഞു. ദൗത്യം അതീവ ദുഷ്കരമാണെന്നും അടുത്ത 20 ദിവസം മഴ തുടരാൻ സാധ്യതയുണ്ടെന്നും സ്ഥലം എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ അൽപസമയത്തിനകം മന്ത്രിതല യോഗം ചേരും.