എറണാകുളത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടികളെ കണ്ടെത്തി; നാല് അസം സ്വദേശികൾ പിടിയിൽ
|ഇവരെ കൊണ്ടുവരാനായി വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഒരു സംഘം ഗുവാഹത്തിയിലേക്ക് തിരിച്ചിട്ടുണ്ട്.
കൊച്ചി: എറണാകുളം വടക്കേക്കരയിൽ നിന്ന് കാണാതായ അസം സ്വദേശികളുടെ കുട്ടികളെ കണ്ടെത്തി. രണ്ട് കുട്ടികളെയും അസമിലെ ഗുവാഹത്തി എയർപോർട്ടിൽ നിന്നാണ് കണ്ടെത്തിയത്. എറണാകുളം വടക്കേക്കരയിൽ നിന്ന് ഇന്നലെ വൈകീട്ടാണ് കുട്ടികളെ കാണാതായത്. കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘത്തെയും വടക്കേക്കര പൊലീസ് പിടികൂടി.
ഗുവാഹത്തി സ്വദേശികളായ രഹാം അലി, ജഹാദ് അലി, സംനാസ്, സഹ്ദിയ എന്നിവരാണ് പിടിയിലായത്. സഹ്ദിയയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കുട്ടികളെയും കൊണ്ട് അസമിലെ ഗുവാഹത്തിയിലേക്ക് പോയത്. പൊലീസിന്റെ നിർദേശാനുസരണം എയർപോർട്ട് സുരക്ഷാ ജീവനക്കാർ കുട്ടികളെ കണ്ടെത്തുകയും ഇവർക്കൊപ്പമുണ്ടായിരുന്നു സഹ്ദിയയെ പിടിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇവരെ കൊണ്ടുവരാനായി വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഒരു സംഘം ഗുവാഹത്തിയിലേക്ക് തിരിച്ചിട്ടുണ്ട്. സഹ്ദിയയിൽ നിന്ന് കുട്ടികളുടെ മാതാപിതാക്കൾ സാമ്പത്തിക സഹായം വാങ്ങിയിരുന്നു. ഇത് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് തട്ടിക്കൊണ്ട് പോവലിലേക്ക് നയിച്ചത്.
അസമിൽ നിന്ന് സഹ്ദിയ എത്തുകയും സുഹൃത്തുക്കളായി ഇവിടെയുണ്ടായിരുന്ന രണ്ട് പേരും ഒപ്പം സംനാസും ചേർന്ന് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമായിരുന്നു. തുടർന്ന്, സ്കൂൾ വിട്ടുവരികയായിരുന്ന കുട്ടികളെ ഇവർ നാലുപേരും ചേർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് ഇന്നലെ തന്നെ വിമാനടിക്കറ്റ് ബുക്ക് ചെയ്ത് സഹ്ദിയ കുട്ടികളെയും കൊണ്ട് അസമിലേക്ക് പോവുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ വടക്കേക്കര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അതിവേഗ അന്വേഷണമാണ് കുട്ടികളെ കണ്ടെത്താനും പ്രതികളെ പിടികൂടാനും സഹായിച്ചത്.