Kerala
ഇന്ന് ചിങ്ങം ഒന്ന്; പ്രതീക്ഷയോടെ മലയാളികള്‍‌ പുതുവത്സരത്തിലേക്ക്
Kerala

ഇന്ന് ചിങ്ങം ഒന്ന്; പ്രതീക്ഷയോടെ മലയാളികള്‍‌ പുതുവത്സരത്തിലേക്ക്

Web Desk
|
17 Aug 2021 1:37 AM GMT

കേരളീയർക്ക് ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. വിളവെടുപ്പിന്‍റെ മാസമായ ചിങ്ങത്തിനായി പ്രകൃതിയുമൊരുങ്ങിക്കഴിഞ്ഞു.

ഇന്ന് ചിങ്ങം ഒന്ന്. സമ്പല്‍സമൃദ്ധിയുടേയും പങ്കുവെക്കലുകളുടേയും ഉത്സവകാലത്തിന്‍റെ തുടക്കം കൂടിയാണ് ഈ ദിനം. കോവിഡ് മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിന്‍റെതാവട്ടെ വരും കാലമെന്ന പ്രാര്‍ത്ഥനയോടെയാണ് മലയാളികള്‍‌ പുതുവത്സരത്തിലേക്ക് കടക്കുന്നത്.

കള്ളക്കര്‍ക്കിടകത്തിന്‍റെ കറുത്ത കാര്‍മേഘങ്ങളെ വകഞ്ഞ് മാറ്റി കിഴക്കുദിക്കുന്ന പൊന്നിന്‍ ചിങ്ങപ്പുലരിയോടെ, പൂവിളിയും പൂത്തുമ്പിയുമൊക്കെയായി മലയാളിക്ക് ഗൃഹാതുരത്വത്തിന്‍റെ ആഘോഷകാലമാണ് ആരംഭിക്കുന്നത്. മാത്രമല്ല കേരളീയർക്ക് ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. വിളവെടുപ്പിന്‍റെ മാസമായ ചിങ്ങത്തിനായി പ്രകൃതിയുമൊരുങ്ങിക്കഴിഞ്ഞു.

കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ക്കും, കാര്‍ഷിക മേഖലക്കും പ്രതീക്ഷയുടെ പുതുവത്സരമാണിത്. പോയ്മറഞ്ഞ സ്വപ്നങ്ങളെയൊക്കെ തിരികെപ്പിടിക്കാമെന്ന വിശ്വാസമാണ് ഈ ഓണക്കാലത്ത് മുന്നോട്ടുള്ള പ്രയാണത്തില്‍ കരുത്തേകുന്നത്. കള്ളപ്പറയും ചെറുനാഴിയുമൊന്നുമില്ലാത്ത ആ നല്ല നാളുകളെ ഓര്‍മപ്പെടുത്തുന്ന ഈ പൊന്നിന്‍ചിങ്ങം നമ്മുടെ ഇന്നലെകളെ തിരികെയെത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

Related Tags :
Similar Posts