'ഹൃദയം നിറഞ്ഞ വാത്സല്യത്തോടെ ലളിതാമ്മ സ്വീകരിച്ചു': ചങ്ങമ്പുഴയുടെ മകളെ സന്ദര്‍ശിച്ച് ചിന്ത ജെറോം
|എറണാകുളത്ത് വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്നേഹനിർഭരമായ വാക്കുകൾ പറഞ്ഞാണ് യാത്ര അയച്ചതെന്ന് ചിന്ത ജെറോം
കൊച്ചി: ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മകള്‍ ലളിത ചങ്ങമ്പുഴയെ സന്ദര്‍ശിച്ച് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത വൈലോപ്പിള്ളിയുടേതെന്ന് രേഖപ്പെടുത്തിയ സംഭവത്തില്‍ ലളിത ചങ്ങമ്പുഴ നേരത്തെ ചിന്ത ജെറോമിനെ വിമര്‍ശിച്ചിരുന്നു.
ചിന്ത ജെറോമിന്‍റെ പ്രബന്ധത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയ സാഹചര്യത്തില്‍ ഡോക്ടറേറ്റ് റദ്ദാക്കണമെന്നാണ് ലളിത ചങ്ങമ്പുഴ നേരത്തെ ആവശ്യപ്പെട്ടത്. തെറ്റുള്ള പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നല്‍കാന്‍ കഴിയുമെന്നും ലളിത ചങ്ങമ്പുഴ ചോദിക്കുകയുണ്ടായി.
പിന്നാലെയാണ് ചിന്ത ജെറോം ലളിത ചങ്ങമ്പുഴയെ സന്ദര്‍ശിച്ചത്. ഹൃദയം നിറഞ്ഞ വാത്സല്യത്തോടെയാണ് ലളിതാമ്മ സ്വീകരിച്ചതെന്നും മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചെന്നും ചിന്ത ജെറോം പറഞ്ഞു. എറണാകുളത്ത് വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്നേഹനിർഭരമായ വാക്കുകൾ പറഞ്ഞാണ് യാത്ര അയച്ചതെന്നും ചിന്ത ജെറോം ഫേസ് ബുക്കില്‍ കുറിച്ചു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയമകൾ ശ്രീമതി ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി കണ്ടു. ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടിയാണ് ലളിതാമ്മ സ്വീകരിച്ചത്. മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചു. അമ്മയും കമ്മീഷൻ അംഗങ്ങളായ ഡോ. പ്രിൻസി കുര്യാക്കോസും റെനീഷ് മാത്യുവും ഒപ്പമുണ്ടായിരുന്നു. എറണാകുളം വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്നേഹനിർഭരമായ വാക്കുകൾ പറഞ്ഞാണ് അമ്മ യാത്ര അയച്ചത്.
ഒത്തിരി സ്നേഹം, വീണ്ടും വരാം