ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു
|യു.ഡി.എഫ് മത്സരിക്കാതിരുന്നതിനാൽ എതിരില്ലാതെയാണ് ചിറ്റയത്തെ തെരഞ്ഞെടുത്തത്
നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. യു.ഡി.എഫ് മത്സരിക്കാതിരുന്നതിനാൽ എതിരില്ലാതെയാണ് ചിറ്റയത്തെ തെരഞ്ഞെടുത്തത്.
എ.ഐ.എസ്.എഫ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ഗോപകുമാർ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം, എ.ഐ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ, കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1995 ൽ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിൽ മത്സരിച്ച ചിറ്റയം ആദ്യ അവസരത്തിൽ തന്നെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായാണ് പാർലമെന്‍ററി രംഗത്തേക്ക് വരുന്നത്.
സംവരണ മണ്ഡലമായ അടൂരിൽ 2011 ആദ്യ അങ്കത്തിനിറങ്ങിയ ചിറ്റയം കോൺഗ്രസിലെ പന്തളം സുധാരനെ തോൽപ്പിച്ചാണ് എം.എൽ. എ ആകുന്നത്.തുടർന്ന് 2016ൽ കെ.കെ ഷാജുവിനെ വൻഭൂരിപക്ഷത്തിൽ തോൽപിച്ച് വീണ്ടും അടൂരിൽ ഇടത് കോട്ട ഉറപ്പിച്ചു. ഇത്തവണ വാശിയേറിയ മത്സരം നടന്ന അടൂരിൽ 2819 വോട്ടിനാണ് ചിറ്റയം എതിർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്.